നോർത്ത് സ്റ്റേഷനിലെ പൊലീസ് അതിക്രമം: ഷൈമോളുടെയും ഭർത്താവിന്റെയും മൊഴിയെടുത്തു

Sunday 28 December 2025 3:18 AM IST

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ പ്രതാപ്ചന്ദ്രന്റെ മർദ്ദനമേറ്റ ഷൈമോളുടെയും ഭർത്താവ് ബെൻ ജോയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സിബി ടോമാണ് ഇക്കഴിഞ്ഞ 24ന് ദമ്പതികളിൽ നിന്ന് വിശദമൊഴി എടുത്തത്. ഒരു കൊല്ലം മുമ്പ് സംസ്ഥാന വനിതാ കമ്മിഷന് പൊലീസ് മർദ്ദനത്തെക്കുറിച്ച് ഷൈമോൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അറിയുന്നു.

തേവരയിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. വൈകിട്ട് 4ന് തുടങ്ങിയ നടപടിക്രമങ്ങൾ മൂന്നരമണിക്കൂറോളം നീണ്ടു. എ.സി.പിയുടെ നിർദ്ദേശപ്രകാരം 26ന് രാവിലെ പൊലീസ് മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങളും കൈമാറി.

ഭർത്താവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് 2024 ജൂൺ18ന് വൈകിട്ട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഗർഭിണിയായ ഷൈമോളെ അന്നത്തെ എസ്.എച്ച്. ഒ പ്രതാപ് ചന്ദ്രൻ മാറിടത്തിൽ പിടിച്ചു തള്ളുകയും മുഖത്തടിക്കുകയും ചെയ്തത്. സ്റ്റേഷനിൽ നടന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുട‌‌ർന്ന് കഴിഞ്ഞയാഴ്ച ദമ്പതികൾക്ക് ലഭിച്ചു. സംഭവം നടന്ന അഞ്ച് ദിവസം കഴിഞ്ഞ് ഷൈമോൾ വനിതാ കമ്മിഷന് പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. എന്നാൽ ദൃശ്യങ്ങൾ പുറത്തായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് വനിതാകമ്മിഷൻ നിർദ്ദേശം നൽകിയത്.