"ലക്ഷ്യം ജില്ലയുടെ സമഗ്രവികസനം"

Sunday 28 December 2025 12:22 AM IST

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ എ.മഹേന്ദ്രൻ സംസാരിക്കുന്നു. ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷനിൽ നിന്ന് 4827 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഹേന്ദ്രൻ വിജയിച്ചത്. നിലവിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടിയു സംസ്ഥാന, ദേശീയ കൗൺസിൽ അംഗവുമാണ്.

ഭാവി പ്രവർത്തനങ്ങൾ

വലിയ ദൗത്യമാണ് നേതൃത്വം ഏല്പിച്ചിരിക്കുന്നത്. എന്നിലുള്ള വിശ്വാസം സംരക്ഷിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം. ജില്ലയുടെ സമഗ്രവികസനം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് മനസിൽ.

 മുൻഗണന

ജില്ലയിലെ മേഖലകൾ തിരിച്ചുള്ള പ്രവർത്തനങ്ങളാണ് മനസിലുള്ളത്. ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ പരിഗണിച്ച് പദ്ധതികൾ വിഭാവനം ചെയ്യും. കൃഷി അനുബന്ധ മേഖലകൾ, ഇടവിള കൃഷികൾ, തോട് നവീകരണം, വെള്ളപ്പൊക്ക ബാദ്ധ്യത പ്രദേശങ്ങളിലെ വികസനം, മത്സ്യമേഖലകൾ, മാലിന്യ സംസ്കരണം, നിർമ്മാർജനം തുടങ്ങിയവയ്ക്കാണ് മുൻഗണന. കൂടാതെ നിരവധി സ്മാരകങ്ങളുടെ പ്രവർത്തനങ്ങളും വിപുലപ്പെടുത്തും.

രാഷ്ട്രീയ ജീവിതം​

രാഷ്ട്രീയ ജീവിതം ആരംഭിച്ചിട്ട് 30 വ‌ർഷമായി.നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായാണ് തുടക്കം. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗവും ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനായിരുന്നു. ജയിൽ ഉപദേശക സമിതി അംഗവുമാണ്.

 മത്സരപരിചയം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുമ്പ് മത്സരിച്ച് വിജയിച്ച അനുഭവ സമ്പത്തുണ്ട്. 1995ൽ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്നു. 2005-2010ൽ പഞ്ചായത്ത് പ്രസിഡന്റായി. 2015-20ൽ മാവേലിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്.

ലക്ഷ്യം​

ജില്ലാ പ‌ഞ്ചായത്തിൽ രാഷ്ട്രീയത്തിന് ഉപരി എല്ലാം അംഗങ്ങളെയും ഒത്തൊരുമിച്ച് കൊണ്ടുപോകും. വികസനത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം.