പുഷ്പ 2: തിയേറ്ററിലുണ്ടായ അപകടം അല്ലു അർജ്ജുനെ പ്രതിയാക്കി കുറ്റപത്രം

Sunday 28 December 2025 12:49 AM IST

ബംഗളൂരു: പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ നടൻ അല്ലു അർജ്ജുനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലുവും സുരക്ഷാ ജീവനക്കാരും തിയേറ്റർ ഉടമയുമുൾപ്പെടെ 23 പേരാണ് പ്രതികൾ. 11-ാം പ്രതിയാണ് അല്ലു. അപകടമുണ്ടായി ഒരു വർഷത്തിനുശേഷം ഹൈദരാബാദിലെ നമ്പള്ളി കോടതിയിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് 9 മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി അല്ലുവിനെയും മറ്റ് പ്രതികളെയും പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധയും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തതുമാണ് ദുരന്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മരണത്തിലേക്ക് നയിച്ച നിരവധി ഗുരുതരമായ വീഴ്ചകൾ റിപ്പോർട്ടിൽ പറയുന്നു.ഇനി നിയമപരമായ നടപടികൾ കോടതിയിൽ തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2024 ഡിസംബർ നാലിന് രാത്രിയായിരുന്നു അപകടം. തിയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അർജ്ജുൻ എത്തുകയും നിയന്ത്രണാതീതമായ തിരക്കുണ്ടാകുകയുമായിരുന്നു. തടിച്ചുക്കൂടിയ ജനം ഗേറ്റ് തകർത്തു. തിക്കിലും തിരക്കിലുംപെട്ട് 35കാരിയായ എം. രേവതി മരിച്ചു. അവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേറ്റു. അല്ലുവിന്റെ ആരാധകനായ മകന്റെ ആഗ്രഹപ്രകാരമാണ് രേവതിയും കുടുംബവും സിനിമ കാണാനെത്തിയത്.

അപകടത്തിൽ ബോധരഹിതനായ ശ്രീതേജ്,സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിൽ മാസങ്ങളോളം വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയത്. 2025 ഏപ്രിലിലാണ് ഡിസ്ചാർജായത്. നിലവിൽ ഹൈദരാബാദിലെ ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിലാണ്.