ശരദ് പവാർ മഹാവികാസ് അഘാഡിയിലേക്ക് മടങ്ങുന്നു ?

Sunday 28 December 2025 12:50 AM IST

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുനെ മുനിസിപ്പൽ കോർപ്പറേഷനിലടക്കം സഖ്യമായി മത്സരിക്കാനുള്ള എൻ.സി.പി ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ സമവായശ്രമങ്ങൾ പാളി. പാർട്ടി ചിഹ്നമായ ക്ലോക്കിന്റെ പേരിലാണ് ഇരുവിഭാഗവും വാശിപിടിക്കുന്നത്. ഇതോടെ, മഹാവികാസ് അഘാഡി സഖ്യത്തിലേക്ക് ശരദ് പവാർ മടങ്ങുന്നതിന് സാദ്ധ്യതയേറി. മഹാവികാസ് അഘാഡി സഖ്യത്തിലെ കോൺഗ്രസ്, ശിവസേന ഉദ്ദവ് താക്കറെ പക്ഷ നേതാക്കളുമായി ലയനചർച്ച ഊർജ്ജിതമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ബ്രിഹൻമുംബയ് മുനിസിപ്പിൽ കോർപ്പേറേഷൻ തിരഞ്ഞെ‌ടുപ്പിൽ സഖ്യമായി മത്സരിക്കാൻ ശിവസേന ഉദ്ദവ് വിഭാഗവും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയും തീരുമാനിച്ചിരുന്നു. ഈസഖ്യത്തിൽ എൻ.സി.പിയിലെ ശരദ് പവാർ വിഭാഗം ചേർന്നുവെന്ന് ഇന്നലെ ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗട്ട് അവകാശപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ശരദ് പവാർ തയ്യാറായിട്ടില്ല.