സി.ബി.ഐയ്ക്കും ജഡ്‌ജിമാർക്കും എതിരെ ഉന്നാവ് അതിജീവിത

Sunday 28 December 2025 12:53 AM IST

ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസ് കുറ്റവാളിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിക്കുകയും, ജാമ്യം അനുവദിക്കുകയും ചെയ്‌ത ഡൽഹി ഹൈക്കോടതി നടപടിയിൽ വിമർശനവും പ്രതിഷേധവും കടുപ്പിച്ച് അതിജീവിതയും കുടുംബവും. സി.ബി.ഐ തനിക്കൊപ്പം നിന്നില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്‌ജിമാർ വലിയതോതിൽ പണം വാങ്ങിയെന്നും അതിജീവിത ഇന്നലെ ആരോപിച്ചു. മാതാവിനൊപ്പം ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തി പരാതി നൽകി. സി.ബി.ഐയും കുറ്റവാളിയും തമ്മിൽ ഒത്തുകളിക്കുന്നുവെന്നും ജാമ്യാപേക്ഷയിൽ വേഗത്തിൽ മറുപടി നൽകുന്നതിലും നിഷ്‌പക്ഷമായി പ്രവർത്തിക്കുന്നതിലും കേന്ദ്ര ഏജൻസിക്ക് വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റവാളിയുടെ ബന്ധുക്കളെ നേരിട്ടു കണ്ടു. തന്റെ അഭിഭാഷകനോട് സി.ബി.ഐ സഹകരിച്ചില്ല. അങ്ങനെയായിരുന്നുവെങ്കിൽ ജാമ്യം ലഭിക്കുമായിരുന്നില്ല. കുൽദീപിന്റെ കുടുംബം പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാണ്. പക്ഷെ തന്റെ പിതാവ് കൊല്ലപ്പെട്ടു. തന്നെയെയും ഭർത്താവിനെയും ജോലിയിൽ നിന്ന് പുറത്താക്കി. ഞങ്ങൾ എന്തു ഭക്ഷിക്കും? എങ്ങോട്ട് പോകും? തനിക്ക് രണ്ടു പിഞ്ചുകുട്ടികളാണുള്ളതെന്നും അതിജീവിത വിലപിച്ചു. സുപ്രീംകോടതിയെ നേരിട്ടു സമീപിക്കും. പരമോന്നത കോടതി നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. ഡൽഹി ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സി.ബി.ഐ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പാർലമെന്റിനു മുന്നിൽ ഇന്നലെ വനിതാ ആക്ടിവിസ്റ്രുകളും വനിതാ സംഘടനകളും അടക്കം പ്രതിഷേധിച്ചു. തുടർച്ചയായ രണ്ടാംദിവസവും ഡൽഹി ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധമുയർന്നു. 2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്. മാനഭംഗത്തിനു ശേഷം പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുയർന്നു.