പോക്സോ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും പിഴയും

Sunday 28 December 2025 3:22 AM IST

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 11 വർഷം കഠിന തടവും 12,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 5 മാസം അധികതടവും അനുഭവിക്കണം.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 9 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ വയക്കര വയലായി മൂലക്കാരൻ വീട്ടിൽ സുമിത്രൻ (55) ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പോക്സോ കോടതി ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്.

2023 മേയ് 5 നാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ എം. സതീശൻ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.