ബംഗ്ലാദേശിൽ സംഗീത പരിപാടിയിൽ ആൾക്കൂട്ട ആക്രമണം

Sunday 28 December 2025 7:23 AM IST

ധാക്ക: ബംഗ്ലാദേശിൽ പ്രശസ്ത റോക്ക് ഗായകൻ ജെയിംസിന്റെ ( ഫാറൂഖ് മഹ്‌ഫസ് അനം ജെയിംസ്) സംഗീത പരിപാടിക്ക് നേരെ ആൾക്കൂട്ട ആക്രമണം. 25 പേർക്ക് പരിക്കേറ്റു. അക്രമികൾ വേദി തല്ലിത്തകർത്തു. വെള്ളിയാഴ്ച രാത്രി ഫരീദ്പ്പൂർ സില്ല സ്കൂളിലെ വാർഷിക പരിപാടിക്കിടെയായിരുന്നു സംഭവം. രാത്രി 9.30ന് ജെയിംസ് എത്തുന്നതിന് തൊട്ടുമുമ്പ് പുറത്തുനിന്നുള്ള ഒരു സംഘം വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. സ്കൂളിലെ സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥി വോളന്റിയർമാരും തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അക്രമികൾ ഇഷ്‌ടികകളും കല്ലുകളും കസേരകളും വാരിയെറിഞ്ഞു. ഇതോടെ സംഗീത പരിപാടി റദ്ദാക്കി. ജെയിംസിനെ അധികൃതർ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

പരിപാടി കാണാൻ അനുവദിക്കാതിരുന്നത് അക്രമികളെ പ്രകോപിപ്പിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാജ്യത്ത് മതേതര സംഗീതത്തിനും കലാപരമായ സൃഷ്ടികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും എതിരെ തുടരുന്ന ആക്രമണ പരമ്പരയുടെ ഭാഗമാണിതെന്ന് ആക്ടിവിസ്റ്റുകളും വിവിധ സംഘടനകളും ആരോപിച്ചു.

വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലെ സംഘർഷം തുടരുന്ന രാജ്യത്ത്, ന്യൂനപക്ഷ വിഭാഗക്കാർക്കെതിരെയുള്ള ആക്രമണങ്ങളും പെരുകിയിരിക്കുകയാണ്. ഗിറ്റാറിസ്റ്റും ഗാനരചയിതാവും കൂടിയായ ജെയിംസ് ഗ്യാങ്ങ്സ്റ്റർ, ലൈഫ് ഇൻ എ മെട്രോ തുടങ്ങിയ ഏതാനും ബോളിവുഡ് ചിത്രങ്ങളിലും ഗാനം ആലപിച്ചിട്ടുണ്ട്.

 മദ്രസയിൽ സ്ഫോടനം

ധാക്കയ്ക്ക് സമീപം കെരാനിഗഞ്ചിൽ മദ്രസയിൽ സ്ഫോടനം. രണ്ട് കുട്ടികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ റെയ്ഡിൽ ബോംബ് നിർമ്മാണത്തിന് കരുതിയിരുന്ന 250 കിലോഗ്രാം സ്ഫോടക വസ്തുക്കളും ക്രൂഡ് ബോംബുകളും കണ്ടെത്തി. സ്ഫോടന കാരണം സംബന്ധിച്ച് അന്വേഷിക്കുകയാണെന്നും മദ്രസ ഡയറക്ടറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായും പൊലീസ് പറഞ്ഞു.