മ്യാൻമറിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

Sunday 28 December 2025 7:33 AM IST

നെയ്‌‌പിഡോ: മ്യാൻമറിൽ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്. ജനുവരി 11നും 25നുമായി മറ്റ് രണ്ട് ഘട്ടങ്ങൾ കൂടി നടത്തും. 2021ൽ പട്ടാളം അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് ഭരണം ഉറപ്പിക്കാനുള്ള പട്ടാളത്തിന്റെ പുകമറയാണെന്ന് പ്രതിപക്ഷ പാർട്ടികളും വിമതരും വിമർശിക്കുന്നു. ഇവർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. രാജ്യത്തിന്റെ 21 ശതമാനം മാത്രമാണ് പൂർണമായും പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നാണ് റിപ്പോർട്ട്. 42 ശതമാനം പ്രദേശം വിവിധ വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. തങ്ങളുടെ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്ന് വിമതർ പറയുന്നു. 2021 ഫെബ്രുവരിയിൽ നോബൽ സമ്മാന ജേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അന്ന് മുതൽ രാജ്യത്ത് ആഭ്യന്തര സംഘർഷം തുടരുന്നു. അഴിമതി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ച സൂചിയെ കഴിഞ്ഞ വർഷം വീട്ടുതടങ്കലിലേക്ക് മാറ്റി.