പിരാന ആക്രമണം: കുഞ്ഞിന് ദാരുണാന്ത്യം

Sunday 28 December 2025 7:34 AM IST

ബ്രസീലിയ: ബ്രസീലിൽ ആമസോൺ നദിയിൽ വീണ രണ്ടു വയസുകാരിക്ക് പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ ദാരുണാന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച ആമസോണസ് സംസ്ഥാനത്തെ കോരി നഗരത്തിന് സമീപമാണ് സംഭവം. ക്ലാര വിക്ടോറിയ എന്ന കുട്ടിയാണ് മരിച്ചത്. നദിയിൽ ഒഴുകി നടക്കുന്ന തരത്തിലെ വീട്ടിലാണ് (ഫ്ലോട്ടിംഗ് ഹോം) കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. വീടിന്റെ വശത്തെ ഒരു ദ്വാരത്തിലൂടെ കുട്ടി നദിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ പിരാന ആക്രമണത്തിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുട്ടിയെ മാതാപിതാക്കൾ ചേർന്ന് നദിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.