യാത്രക്കാർ വർദ്ധിച്ചിട്ടും ഓടാൻ ബസില്ല, സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ

Sunday 28 December 2025 11:06 AM IST

ചെന്നൈ: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷനും (ടിഎൻഎസ്ടിസി) ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷനുമാണ് (എംടിസി) സർവീസ് നടത്താൻ സംസ്ഥാന സ‌ർക്കാ‌ർ അനുമതി നൽകിയിരിക്കുന്നത്.

സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ബസുകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലയളവിൽ 22,474 ബസുകളുണ്ടായിരുന്നു. എന്നാൽ 2025-26 കാലയളവിൽ 20,508 ബസുകളായി കുറഞ്ഞു. 2026ഓടെ 11,507 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ 3,500 എണ്ണം മാത്രമാണ് വാങ്ങാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ പ്രതിസന്ധി മറികടക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ചെന്നൈ നഗരത്തിൽ മാത്രം ബസ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായാണ് റിപ്പോർട്ട്.

കൊവിഡിന് മുമ്പ് പ്രതിദിനം 54ലക്ഷം യാത്രക്കാരായിരുന്നത് നിലവിൽ 36 ലക്ഷം യാത്രക്കാരായി കുറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടും യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് എത്തുന്നില്ല. ബസുകൾ കൃത്യസമയത്ത് എത്താത്തതും തിരക്കുള്ള സമയങ്ങളിൽ ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്താലും യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ നീക്കത്തിനെതിരെ ട്രാൻസ്‌പോർട്ട് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ രംഗത്തെത്തി. സ്വന്തമായി ബസുകൾ വാങ്ങുന്നതിന് പകരം സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് സർക്കാരിന് വലിയ കടക്കെണി വരുത്തിവയ്ക്കുമെന്നും ഗതാഗത മേഖലയുടെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുമെന്നും യൂണിയൻ പ്രതിനിധികൾ ആരോപിച്ചു.