മറ്റു സ്ത്രീകളുടെ പോസ്റ്റിന് ലൈക്കടിച്ചാലും ചതിയാകും, യുവതിയുടെ പരാതിയിൽ ഭർത്താവിന് പിഴ
അങ്കാറ: സോഷ്യൽ മീഡിയയിൽ മറ്റു സ്ത്രീകളുടെ ചിത്രങ്ങൾ നിരന്തരമായി ലൈക്കും കമന്റും ചെയ്ത യുവാവിന് ഭാര്യയുടെ പരാതിയിൽ പിഴ വിധിച്ച് കോടതി. ദാമ്പത്യത്തിലെ വിശ്വസ്തത ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തുർക്കിയിലെ പരമോന്നത കോടതിയാണ് യുവാവിന് പിഴതുക ചുമത്തിയത്. യുവതിക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു.
തുർക്കിയിലെ കെയ്‌സേരിയിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് തന്നെ നിരന്തരം അധിക്ഷേപിക്കുകയും സോഷ്യൽ മീഡിയയിൽ മറ്റു സ്ത്രീകളുടെ ചിത്രങ്ങൾക്ക് താഴെ മോശമായ കമന്റുകൾ ഇടുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാര്യ തന്നെയാണ് യുവാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ പ്രവർത്തികൾ ദാമ്പത്യത്തിലെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന് യുവതിയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ ഭാര്യയുടെ അമിതമായ അസൂയയാണ് എല്ലാറ്റിനും കാരണമെന്നാണ് ഭർത്താവിനു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.
ഇത്തരം സംഭവങ്ങൾ അബദ്ധവശാൽ ഉണ്ടാകുന്ന കാര്യമല്ലെന്നും മനഃപൂർവമായ പ്രവൃത്തിയാണെന്ന് കണ്ടെത്തിയ കുടുംബ കോടതി, ഭർത്താവിനോട് ഭാര്യയ്ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരമായും പ്രതിമാസം രണ്ടായിരം രൂപ (1000 ലിറ) ജീവനാംശമായി നൽകാനും ഉത്തരവിട്ടു.
ശാരീരിക ബന്ധമില്ലെങ്കിലും പങ്കാളിയുടെ വിശ്വാസത്തെ തകർക്കുന്ന രീതിയിലുള്ള ഓൺലൈൻ ഇടപെടലുകളെ മനഃശാസ്ത്രജ്ഞർ 'മൈക്രോ ചീറ്റിംഗ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഫോണിലെ അമിത രഹസ്യസ്വഭാവം, മെസേജുകൾ ഡിലീറ്റ് ചെയ്യുക, മറ്റ് വ്യക്തികൾക്ക് ഓൺലൈനിൽ അമിത പ്രാധാന്യം നൽകുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായിട്ടാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തുർക്കിയിലെ സുപ്രീം കോടതിക്ക് തുല്യമായ കോടതി, വിധി ശരിവച്ചതോടെ വരും കാലങ്ങളിൽ വിവാഹമോചന കേസുകളിൽ സോഷ്യൽ മീഡിയ സ്ക്രീൻഷോട്ടുകളും ഡിജിറ്റൽ തെളിവുകളും നിർണ്ണായകമാകുമെന്നാണ് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.