വീട്ടിൽ അരിപ്പൊടിയുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ കുഴലപ്പം ഉണ്ടാകാം
കുഴലപ്പം ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ്. എളുപ്പത്തിൽ എങ്ങനെ കുഴലപ്പം വീട്ടിൽ തന്നെ ഉണ്ടാകാമെന്ന് നോക്കിയാലോ? വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം മതി ഇത് തയ്യാറാക്കാൻ. ആവശ്യമായ സാധനങ്ങൾ
- അരിപ്പൊടി - ഒരു കിലോ
- പഞ്ചസാര - അര കിലോ
- തേങ്ങാ പാൽ - ആവശ്യത്തിന്
- ജീരകം - രണ്ട് ടീസ്പൂണ്‍
- വെളുത്തുള്ളി - അര കപ്പ്
- ചുവന്നുള്ളി - ഒരു കപ്പ്
- ഉഴുന്ന് - ഒരു കപ്പ്
- വെളിച്ചെണ്ണ - 250
- ഉപ്പ് - രണ്ട് ടീസ്പൂണ്‍
- എള്ള് - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കുതിർത്ത് തൊലികളഞ്ഞ് അരച്ചെടുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, എളള് എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇനി അരിപ്പൊടി നല്ലപോലെ ചൂടാക്കണം. അരിപ്പൊടി നല്ലപോലെ മൂക്കുമ്പോൾ അതിൽ നേരത്തെ അരച്ചുവച്ചിരിക്കുന്ന മിശ്രിതം ചേർക്കണം.
അതിനുശേഷം ഒന്നാം പാലും രണ്ടാം പാലും ചേർത്ത് ഇളക്കുക. ശേഷം മൂന്നാം പാലും ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഇളക്കുക. മാവ് ചെറിയ തീയിൽ കിടന്ന് വാടണം. അതിനുശേഷം പാത്രം അടുപ്പിൽ നിന്ന് വാങ്ങി കുറച്ചുനേരം കൂടി കുഴയ്ക്കുക. ഇനി വാഴയിലയിൽ അൽപം എണ്ണ പുരട്ടി കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉണ്ടകളാക്കി ഉരുട്ടി വാഴയിലയിൽ വച്ച് മറ്റൊരില കൊണ്ട് മൂടി ഒരു പരന്നപാത്രം അതിന് മേൽ വച്ച് അമർത്തിയാൽ പരന്നുകിട്ടും. ഇങ്ങനെ കനം കുറച്ച് പരത്തിയ മാവ് കെെ ഉപയോഗിച്ച് കുഴലുപോലെ ആക്കുക. ശേഷം ഇത് എണ്ണയിലിട്ട് വറുത്തെടുക്കാം. നല്ല കിടിലൻ കുഴലപ്പം റെഡി.