വിവാഹവാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചു; ലിവ് ഇൻ പങ്കാളിയുടെ അടക്കം   20ലക്ഷം രൂപയും സ്വർണവും കവ‌ർന്ന യുവാവ് അറസ്റ്റിൽ  

Sunday 28 December 2025 4:30 PM IST

ബംഗളൂരു: പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ 29കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ശുഭം ശുക്ലയാണ് പിടിയിലായത്. 20ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്.

ബംഗളൂരു നെലമംഗല സ്വദേശികളായ രണ്ട് സഹോദരിമാരെയാണ് പ്രതി ചതിയിൽപ്പെടുത്തിയത്. ആദ്യം കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായും പരാതിയുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇയാൾ കുടുംബവുമായി അടുത്തത്. തുടർന്ന് മൂത്ത സഹോദരിയെ പ്രണയം നടിച്ച് വലയിലാക്കുകയും ലിവ് ഇൻ ബന്ധത്തിനായി പ്രേരിപ്പിക്കുകയുമായിരുന്നു.

മുംബയിൽ ജോലി ലഭിച്ചെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് യുവതിയെ ഇയാൾ ബംഗളൂരുവിലെത്തിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ യുവതിയുടെ പണവും സ്വർണവും കൈക്കലാക്കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ശുഭം ശുക്ല വിവാഹിതനാണെന്ന സത്യം യുവതി അറിയുന്നത്. ഇത് ചോദ്യം ചെയ്തതോടെ, ഭാര്യയെ വിവാഹമോചനം ചെയ്യാമെന്ന് ഇയാൾ ഉറപ്പുനൽകിയെങ്കിലും ക്രൂരമായ ശാരീരിക പീഡനം തുടരുകയായിരുന്നു.

പീഡനം സഹിക്കാനാവാത്തതിനെ തുടർന്ന് ഇയാളുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് പോക്സോ അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.