ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിൽ അപകടം പതിവ്,​ ചീറിപ്പാഞ്ഞ് വാഹനങ്ങൾ,​ ചോരപ്പാട് ഉണങ്ങാതെ

Monday 29 December 2025 1:05 AM IST

കോട്ടയം : മിനുങ്ങി കിടക്കുന്ന റോഡാണെന്ന് കരുതി പായാൻ നിൽക്കേണ്ട. ഒരു അശ്രദ്ധ മതി ജീവിതം മാറിമറിയാൻ. ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിലൂടെ അമിതവേഗതയിൽ പായുന്ന വാഹനയാത്രികരോട് നാട്ടുകാർക്ക് ഇത്രേ പറയാനുള്ളൂ. ഇതുവരെ നടന്നത് ചെറുതും വലുതുമായ 50 ലേറെ അപകടം. ജീവൻ നഷ്ടമായവരും നിരവധി. എറണാകുളം, കുറവിലങ്ങാട് ,ഏറ്റുമാനൂർ റോഡുകളുടെ സംഗമ കേന്ദ്രമാണ് പട്ടിത്താനം കവല.ഇവിടേക്കാണ് ബൈപ്പാസ് റോഡ് തുറക്കുന്നത്. 2 കിലോമീറ്റർ നിവർന്ന ബൈപ്പാസ് റോഡിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ നേരെ പട്ടിത്താനം കവലയിലേക്ക് പ്രവേശിക്കുകയാണ്. പ്രവേശിച്ച് കഴിയുമ്പോൾ മാത്രമാണ് ഇതൊരു പ്രധാന ജംഗ്ഷനാണെന്ന് യാത്രക്കാർ മനസിലാക്കുക. ചെറുതും വലുതുമായ ഒട്ടേറെ പോക്കറ്റ് റോഡുകളാണ് ബൈപ്പാസിലേക്കു തുറക്കുന്നത്. റോഡ് പരിചയമില്ലാത്ത വാഹന യാത്രക്കാർക്ക് പോക്കറ്റ് റോഡുകൾ തിരിച്ചറിയാനാവില്ല. ഏതു സമയത്തും അപകടം ഉണ്ടായേക്കാവുന്ന 5 പ്രധാന പോയിന്റുകളാണുള്ളത്. സംഗമസ്ഥലമായ പട്ടിത്താനത്ത് ട്രാഫിക് സിഗ്‌നൽലൈറ്റുകളില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം.

കാൽനടയാത്രികർക്ക് എന്ത് സുരക്ഷ ?

വൈകിട്ട് ഏറെ സഞ്ചാരികളെത്തുന്ന നാലുമണിക്കാറ്റിന് സമീപം അപകടങ്ങൾ പതിവാണ്. പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്കുള്ള ആംബുലൻസും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കാൽനട യാത്രക്കാർക്ക് പോലും സുരക്ഷയില്ലാത്ത സാഹചര്യമാണ്. കൃത്യമായ മുന്നറിയിപ്പ് ബോർഡുകളും, വേഗ നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിയ്ക്കും, പൊതുമാരമത്ത് വകുപ്പിനും, റോഡ് സേഫ്റ്റി അതോറിട്ടിയ്ക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.

2 വർഷം : പൊലിഞ്ഞത് 10 ജീവനുകൾ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 5 അപകടങ്ങൾ

 ''റോഡിൽ അടിയന്തരമായി വേഗനിയന്ത്രണ സംവിധാനം ഒരുക്കണം. പ്രധാന ടൂറിസം സ്പോട്ടായ നാലുമണിക്കാറ്റിന് സമീപത്തുകൂടി ഭീതിയോടെയാണ് കാൽനടയാത്രക്കാർ കടന്നുപോകുന്നത്.

-(കോൺഗ്രസ് തിരുവഞ്ചൂർ ഒന്നാം വാർഡ് കമ്മിറ്റി)