വെള്ളിത്തിരയിൽ വിസ്മയം ഒരുക്കി ജിയോ ബേബി, 'ത്രിലോക' ജനുവരി 30ന് തിയേറ്ററുകളിൽ

Sunday 28 December 2025 5:14 PM IST

സൂറിച്ച്: സ്വിറ്റ്സർലൻഡിലെ രണ്ടാം തലമുറ മലയാളി യുവാക്കൾ അണിയിച്ചൊരുക്കിയ മലയാള സിനിമ 'ത്രിലോക' റിലീസിനൊരുങ്ങുന്നു. 2026 ജനുവരി 30ന് സൂറിച്ചിലെ പ്രീമിയറോടെ ആരംഭിക്കുന്ന ചിത്രം തുടർന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തും. പ്രമുഖ സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയിലെ പ്രതിഭകളായ രാജേഷ് ജയിംസ്, റോബിൻ ഫിലിപ്പ്, സന്ദീപ് എബ്രഹാം എന്നിവർ ചേർന്നാണ് ചിത്രം പൂർത്തിയാക്കിയത്. ജോജി തന്തോണിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്ന് രൂപീകരിച്ച ഫോർ ഇമോഷൻ എന്റർ ടൈമാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വാണിജ്യ ലാഭത്തേക്കാൾ ഉപരിയായി, സിനിമയോടുള്ള അഭിനിവേശം മുൻനിർത്തി പ്രതിഫലം പോലും ഇച്ഛിക്കാതെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് പൂർത്തിയാക്കിയ ചിത്രമാണിത്. കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ട്. റിലീസിന് മുമ്പ് തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട 'ത്രിലോക' മൂന്ന് പ്രമുഖ ചലച്ചിത്രമേളകളിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിലെ ഗ്ലോബൽ സിനിമ കൺവെൻഷൻ, പാരീസിലെ ഇന്റർനാഷണൽ ഇൻഡീ ഫിലിം ആൻഡ് സ്‌ക്രീൻപ്ലേ ഫെസ്റ്റിവലടക്കം സിനിമ പ്രദർശിപ്പിച്ചു. മറ്റൊരു പ്രത്യേകത, ലോകത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്‌ളൈ എമിറേറ്റ്സ് ആദ്യമായി ഒരു മലയാള സിനിമയുമായി നേരിട്ട് സഹകരിക്കുന്നു എന്നതാണ്. ഫ്‌ളൈ എമിറേറ്റ്സുമായി ചേർന്നാണ് സൂറിച്ചിലെ വേൾഡ് പ്രീമിയർ ഷോ സംഘടിപ്പിക്കുന്നത്.

രാജേഷ് ജെയിംസ് ആണ് ത്രിലോകയുടെ സംവിധാനവും തിരക്കഥ രചനയും നിർവ്വഹിച്ചിരിക്കുന്നത്. വിജി ജയിംസ് ആണ് സഹ രചയിതാവ് . നല്ല സൗഹൃദങ്ങളിൽ നിന്നാണ് മികച്ച സിനിമകൾ ഉണ്ടാകുന്നതെന്ന് പറയുന്ന പോലെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എന്നാൽ മറ്റു ജോലികൾ ചെയ്തു വരുന്ന സുഹൃത്തുക്കളും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. 2014ൽ സ്വിസ് മലയാളി കമ്മ്യൂണിറ്റി നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ സംവിധായകനായ രാജേഷ് ജെയിംസ് വിജയി ആയിരുന്നു. പ്രശസ്ത സംവിധായകൻ ബ്ലെസ്സി ജൂറി ചെയർമാൻ ആയിരുന്ന ഫെസ്റ്റിവലിൽ ഓഡിയൻസ് ഫേവറേറ്റ് പ്രൈസും ലഭിച്ചത് രാജേഷ് സംവിധാനം ചെയ്ത 'നാണയം' എന്ന സിനിമയ്ക്കായിരുന്നു. 'വീ ആർ' എന്ന ചിത്രത്തിലൂടെ ഇതേ വിജയം 2015ലും ആവർത്തിച്ച രാജേഷ് ജെയിംസ് അതിനു ശേഷം വിഷ്വൽ മീഡിയയിൽ നിന്നും കുറച്ചു കാലം മാറി നിന്ന് എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകി.

കാലം നൽകിയ ജീവിതാനുഭവങ്ങളിലൂടെ കൂടുതൽ കരുത്തോടെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും സിനിമയെ സ്‌നേഹിക്കുന്ന തന്റെ സുഹൃത്തുക്കൾക്കൊപ്പം അഭ്രപാളികളിൽ വിസ്മയം തീർക്കാൻ കടന്നു വരികയാണ് 'ത്രിലോക'യിലൂടെ. സന്ദീപ് എബ്രഹാം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സ്വിറ്റ്സർലൻഡിലെ ചലച്ചിത്രമേഖലയിൽ ശ്രദ്ധേയനായ സന്ദീപ് അടുത്തിടെ 'ഹോം സ്വിസ് ഹോം' എന്ന തന്റെ ആദ്യ ഫീച്ചർ ഫിലിം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഓസ്ട്രിയയിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ സംഗീത ജീവിതം നയിക്കുന്ന അലൻ ഷോജിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ റോബിൻ ജോൺ ആന്റിൻകര, ജെയ്സൺ കരീടൻ , സുരജ് മണ്ണഞ്ചേരിൽ, ഷാജി അബ്രഹാം, ലിസി അബ്രഹാം, ദിനിയ കൊച്ചാട്ട് , ജെറി കൊച്ചാട്ട്, അർച്ചന ഫിലിപ്പ്, റോബിൻ ഫിലിപ്പ്, എഡ്വിൻ പറയമ്പിള്ളിൽ , മഞ്ജു കുന്നുംപുറത്ത്, വിജി ജയിംസ് , സംവിധായകൻ രാജേഷ് ജയിംസ് എന്നിവർക്കൊപ്പം ജിയോ ബേബിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പുതുതലമുറയുടെ ഈ ശ്രമത്തിന് എല്ലാ ആശംസകളും അർപ്പിച്ചുകൊണ്ട്, രണ്ടാം തലമുറയുടെ സ്വപ്നങ്ങൾക്കും പ്രാധാന്യമേറുന്ന 'ത്രിലോകം' വെള്ളിത്തിരയിൽ കാണാനുള്ള ആകാംഷയിലാണ് സ്വിസ് മലയാളികൾ.