വികസിത പൂഞ്ഞാർ തെക്കേക്കര ലക്ഷ്യം
കോട്ടയം : അതിശക്തമായ മത്സരത്തിനൊടുവിൽ മലയോര മണ്ണിൽ വിരിഞ്ഞ താമര. അനുഭവക്കരുത്തിൽ നയിക്കാൻ മിനർവ മോഹൻ. പൂഞ്ഞാർ തെക്കേക്കര ആദ്യമായി ബി.ജെ.പി ഭരിക്കുമ്പോൾ സ്വപ്ന പദ്ധതികളുമായാണ് മിനർവ മോഹൻ തലപ്പത്തുള്ളത്. വികസിത പൂഞ്ഞാർ തെക്കേക്കരയെന്ന ലക്ഷ്യത്തിലെത്താൻ വെള്ളവും വളവുമായി ഒരുപാട് നവീന ആശയങ്ങൾ. അഞ്ചുവർഷം കൊണ്ട് അടിസ്ഥാന സൗകര്യങ്ങളും ആധുനിക നിലവാരവും ഉറപ്പാക്കുകയാണ് മിനർവ ലക്ഷ്യമിടുന്നത്. പതിറ്റാണ്ട് മുന്നേ പഞ്ചായത്തിനെ നയിച്ച അനുഭവ പാരമ്പര്യമാണ് കരുത്ത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ കേരളകൗമുദിയുമായി മനസ് തുറക്കുന്നു.
പുതിയ ചുമതലയെ എങ്ങനെ കാണുന്നു
പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കും. എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം കൊടുത്തും വേർതിരുവകളില്ലാതെ വികസനമെന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയാവും പ്രവർത്തനം. ബി.ജെ.പിയ്ക്ക് അവസരം തന്ന വോട്ടർമാരോടാണ് എന്നും കടപ്പാട്.
പ്രഥമ പരിഗണനയെന്താണ്
മലയോരമേഖലയുടെ ടൂറിസം ഹബ്ബായി പൂഞ്ഞാർ തെക്കേക്കരയ്ക്ക് മാറാനാകും. വാഗമൺ, കോട്ടത്താവളം, അരുവിക്കച്ചാൽ, മുതുകോരമല അടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് പ്രൊഫഷണൽ മുഖം നൽകും. കേന്ദ്ര പദ്ധതികൾ പരമാവധി നടപ്പാക്കും. ടൂറിസം വരുമാനം തദ്ദേശീയർക്ക് ലഭിക്കും വിധമുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഉത്തരവാദിത്വ ടൂറിസത്തിന്റെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തും. ഇത് തൊഴിലവസരങ്ങളും സൃഷ്ടിക്കും.
പഞ്ചായത്തിലെ പ്രശ്നങ്ങൾ പഠിച്ചോ?
റോഡുകളുടെ ശോച്യാവസ്ഥയാണ് പ്രധാനം. പുതിയ റോഡുകൾ നല്ല രീതിയിൽ ഉണ്ടാകണം. ഞാൻ പണ്ട് ഭരണത്തിലിരുന്നപ്പോഴുള്ള അവസ്ഥയിലാണ് പഞ്ചായത്ത് ഓഫീസ്. അടിയന്തരമായി ഓഫീസ് മനോഹരമാക്കും. കർഷകർക്ക് സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കാനുള്ള കേന്ദ്ര പദ്ധതി നടപ്പാക്കും. അതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തും. പഞ്ചായത്തിൽ പുതിയ കളിക്കളം നിർമ്മിക്കും. സ്ഥലം മനസിലുണ്ട്. കേന്ദ്ര ഫണ്ടും സി.എസ്.ആർ ഫണ്ടും കണ്ടെത്തി മനോഹമായ കളിസ്ഥലവും കായിക പരിശീലന കേന്ദ്രവും അഞ്ചു വർഷത്തിനുള്ളിൽ ഉണ്ടാവും.
നിയമസഭ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു
പൂഞ്ഞാർ തെക്കേക്കര ഭരിക്കാനായത് പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് ഏറെ ഗുണകരമാണ്. പഞ്ചായത്ത് ഭരണം പിടിച്ചപ്പോൾ സമീപ പഞ്ചായത്തുകളിലും ബ്ളോക്കിലും അക്കൗണ്ട് തുറന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ മാറ്റങ്ങൾ പൂഞ്ഞാറിൽ ഉണ്ടാകും.