സ്വതന്ത്രന്മാരുടെ ചിറകിലേറി ഭരണം എത്രനാൾ മുന്നോട്ട്
സ്വതന്ത്രന്മാരുടെ ചിറകിലേറി അവരുടെ മുൻസീറ്റ് ഡ്രൈവിംഗിൽ യു.ഡി.എഫും, എൽ.ഡി.എഫും എത്രനാൾ നഗര, പഞ്ചായത്ത് ഭരണം നടത്തുമെന്ന് ചോദിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. ജില്ലയിലെ പല നഗരസഭകളും യു.ഡി.എഫ് പിടിച്ചെടുത്തത് സ്വതന്ത്ര പിന്തുണയോടെയാണ്. പതിറ്റാണ്ടുകളായി മാണി ഗ്രൂപ്പിന്റെ വത്തിക്കാനായ പാലാ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി മാണി ഗ്രൂപ്പായിട്ടും നഗരഭരണം നാല് സ്വതന്ത്രന്മാരുടെ പിന്തുണയോടെ യുഡി.എഫിന് ലഭിച്ചു. യു.ഡി.എഫ് ബാനറിൽ മത്സരിച്ച് ജയിച്ചവർ പുറത്തും മണ്ണും ചാരി നിന്ന സ്വതന്ത്രർ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണുമായി. കോൺഗ്രസ് റിബലായി മത്സരിച്ച് ജയിച്ചവർക്ക് വൈസ് ചെയർപേഴ്സൺ കസേര നീക്കിയിട്ട് കൊടുക്കേണ്ട ഗതികേടും ഉണ്ടായി.
പുളിക്കക്കണ്ടം ബ്രദേഴ്സ് തീരുമാനിക്കുന്നത് പോലിരിക്കും ഇനി പാലാ നഗരഭരണം. ഒരു ഹിന്ദു ആദ്യമായി പാലാ നഗരസഭാ ചെയർപേഴ്സൺ ആയതിനും നന്ദി പറയേണ്ടത് അവരോടാണ്. കഴിഞ്ഞതവണ സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ബിനു പുളിക്കക്കണ്ടത്തിലിനെ ചെയർമാനാക്കാതെ മാണി ഗ്രൂപ്പ് പാരവച്ചു. ഇന്ന് മാണി ഗ്രൂപ്പിനെ
പ്രതിപക്ഷത്തിരുത്തി പുളിക്കക്കണ്ടത്തെ ഇളമുറക്കാരി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആവുമ്പോൾ ' കാലത്തിന്റെ കാവ്യനീതിയെന്ന് പറയേണ്ടിവരും. പുളിക്കക്കണ്ടം ടീമിനെ ഒപ്പം നിറുത്താൻ എൽ.ഡി.എഫും കളത്തിലിറങ്ങി കളിച്ചെങ്കിലും അതുക്കും മേലേയുള്ള കളിയാണ് യു.ഡി.എഫ് നടത്തിയത്. എന്തായാലും ന്യൂജെൻ ചെയർപേഴ്സണ് ചുറ്റുവട്ടത്തിന്റെ വക ഒരു ബിഗ്സല്യൂട്ട്.
ചങ്ങനാശേരി നഗരസഭയും സ്വതന്ത്ര പിന്തുണയോടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണയും സ്വതന്ത്ര പിന്തുണയോടെ യു.ഡി.എഫിന് ഭരണം ലഭിച്ചെങ്കിലും സ്വതന്ത്രന്മാരെചാക്കിൽ കയറ്റി ഇടതു മുന്നണി അവസാനം ഭരണം തിരിച്ചു പിടിച്ചു. ഭരണം തുലാസിലായ കോട്ടയത്ത് കഴിഞ്ഞ അഞ്ചുവർഷവും വികസന മുരടിപ്പായിരുന്നു. കോൺഗ്രസിന് ഭൂരിപക്ഷമായി മുതിർന്ന കോൺഗ്രസ് അംഗവും പരിചയസമ്പന്നനുമായ എം.പി.സന്തോഷ് കുമാർ ചെയർമാനാകുമ്പോൾ വലിയ വികസനപ്രതീക്ഷയിലാണ് നഗരവാസികൾ. സി.പി.എമ്മിന് ഏറെ വേരോട്ടമുള്ള അയ്മനം പഞ്ചായത്ത് ബി.ജെ.പി പിടിച്ചെടുത്തു. കുമരകത്ത് സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ ആൾ സ്വതന്ത്രനായി ജയിച്ച് യു.ഡി.എഫ് - ബി.ജെ.പി പിന്തുണയോടെ നറുക്കെടുപ്പിൽ പ്രസിഡന്റായി. ' എങ്ങനെയും അധികാരം പിടിച്ചെടുക്കുക മാനക്കേടൊക്കെ അധികാരം തീർക്കുമെന്ന 'പുതിയആപ്തവാക്യത്തിന് മുന്നിൽ ചിരിക്കാനേചുറ്റുവട്ടത്തുള്ളവർക്ക് കഴിയുന്നുള്ളൂ.