പുതുവത്സരദിനത്തിൽ പാട്രിയറ്റ് പാക്കപ്പ്

Monday 29 December 2025 6:48 AM IST

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാട്രിയറ്റ് ജനുവരി 1ന് കൊച്ചിയിൽ പാക്കപ്പ് ആകും. അവസാന ഘട്ട ഷെഡ്യൂളിൽ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് പങ്കെടുക്കുന്നത്. ശ്രീലങ്കയിൽ ആണ് പാട്രിയറ്റിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ദുബായ്, ലണ്ടൻ, ഷാർജ, അസർബൈജാൻ,ലഡാക്ക്, ഹൈദരാബാദ്, ഡൽഹി ഉൾപ്പെടെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിച്ച പാട്രിയറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. രാജ്യാന്തര സ്പൈ ത്രില്ലറുകളുടെ അനുസ്മരിപ്പിക്കുന്ന വിധം ആണ് പാട്രിയറ്റ് എന്ന് ടീസർ സൂചന നൽകുന്നുണ്ട്. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും നീണ്ട 12 വർഷങ്ങൾക്കുശേഷം ഒരുമിച്ച് എത്തുകയാണ്. മോഹൻലാലിന്റെ രംഗങ്ങൾ. കഴിഞ്ഞദിവസം പൂർത്തിയായി.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുക്കുന്ന പാട്രിയറ്റ്, മഹേഷ് നാരായണന്റെ ആദ്യ മമ്മൂട്ടി മോഹൻലാൽ ചിത്രംകൂടിയാണ്. വിഷു റിലീസായാണ് ഒരുങ്ങുന്നത്. നയൻതാര,രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, സനൽ അമൻ, രേവതി, ഗ്രേസ് ആന്റണി, ദർശന രാജേേന്ദ്രൻ, സെറിൻ ഷിഹാബ്, ഷഹീൻ സിദ്ദിഖ് തുടങ്ങി നീണ്ട താരനിരയുണ്ട്.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്നു. ഗാനങ്ങൾ അൻവർ അലി, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ആൻ മെഗാ മീഡിയ ചിത്രം തിയേറ്ററിൽ എത്തിക്കും.