മലയോരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി കടന്നൽക്കൂട്ടം
കോട്ടയം : വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുന്ന മലയോരനിവാസികൾക്ക് ഭീഷണിയായി കടന്നൽക്കൂട്ടവും. റബർ മരങ്ങൾ ഉൾപ്പെടെ പൂവിടുന്ന സമയത്ത് വിരുന്നെത്തി നാട്ടിൽ കൂടുകൂട്ടുന്ന പെരുന്തേനീച്ചക്കൂട്ടം, കാട്ടിൽ നിന്നു നാട്ടിലെത്തി ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്ന കാട്ടു കടന്നൽ എന്നിവയാണ് വ്യാപകമായത്. എന്നാൽ ഇവയെ പിടികൂടാൻ ശാസ്ത്രീയ പരിശീലനം ലഭിച്ചവരില്ലാത്തതാണ് തിരിച്ചടി. കഴിഞ്ഞ ദിവസം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങളത്ത് കടന്നൽക്കൂട് പ രുന്ത് ഇളക്കിയപ്പോഴും ഫയർഫോഴ്സും വനംവകുപ്പും കൈമലർത്തി. മുണ്ടക്കയം ടൗണിലെ വീടിന് ഗേറ്റിന് മുന്നിൽ വൻതേനീച്ചക്കൂട്ടം കൂടുകൂട്ടി. വലിയ വ്യാപാര സ്ഥാപനങ്ങളുടെ ഉയരത്തിലുള്ള ഗ്ലാസുകളിലും തേനീച്ച കൂടുകൂട്ടുന്നത് പതിവാണ്. മുൻപ് തീയിട്ട് നശിപ്പിച്ചിട്ടും ഫലം കാണുന്നില്ല. കാക്കയടക്കം ആക്രമിച്ചാൽ ഇവ ഇളകി മനുഷ്യരെ ഉപദ്രവിക്കാൻ സാദ്ധ്യതയുമുണ്ട്. ദേശീയപാതയിൽ മരുതുംമൂടിന് സമീപം ഒരു മരത്തിൽ 15 ൽ അധികം വലിയ തേനീച്ചക്കൂടുകളുണ്ട്.
കുത്തേറ്റാൽ മരണവും സംഭവിക്കാം
കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം. വനം മേഖലയിൽ നിന്നാണ് ആക്രമണകാരികളായ കടന്നലുകൾ നാട്ടിലേയ്ക്ക് ചേക്കേറുന്നത് . ഉയരമുള്ള വന്മരങ്ങൾക്കൊപ്പം തെങ്ങ്, പന, കമുക്, റബർ എന്നിവ കടന്നലുകൾക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ അനുയോജ്യമായ സ്ഥലങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പൂന്തേൻ, പഴച്ചാറുകൾ, ചെറുപ്രാണികൾ എന്നിവയാണ് ഭക്ഷണം.
തുരത്താൻ ശാസ്ത്രീയ സംവിധാനമില്ല
തോട്ടവിളകളും കാടും ഇടകലർന്ന പ്രദേശമായതിനാൽ ഭക്ഷണം സുലഭം
ചൂടുകൂടിയ കാലാവസ്ഥ പ്രജനനകാലം വർദ്ധിപ്പിക്കുന്നു
കടന്നലുകളെയും അവയുടെ ലാർവകളെയും ഭക്ഷണമാക്കുന്ന പക്ഷികൾ കുറഞ്ഞു