ചീങ്കണ്ണിപ്പുഴയോരത്ത് വർണ്ണവസന്തമൊരുക്കി ദേശാടനശലഭങ്ങൾ

Monday 29 December 2025 12:17 AM IST
ചീങ്കണ്ണിപ്പുഴക്കരയിൽ 'ചെളിയൂറ്റൽ' പ്രക്രിയയിൽ ഏർപ്പെട്ട വിവിധയിനത്തിൽപെട്ട ശലഭക്കൂട്ടം

കേളകം: ഈ വർഷവും പതിവ് തെറ്റിക്കാതെ ചീങ്കണ്ണിപ്പുഴക്കരയിൽ പൂമ്പാറ്റകൾ എത്തിത്തുടങ്ങി. മഴ നിലച്ചതോടെയാണ് പശ്ചിമഘട്ടത്തിൽ നിന്നും ഇവ കൂട്ടമായി എത്തുന്നത്. യാത്രയ്ക്കിടെ പുഴയോരങ്ങളിൽ കൂട്ടത്തോടെ തങ്ങി ഇവയ്ക്ക് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്ന ചെളിയൂറ്റൽ നടത്തുന്നത് ഇപ്പോൾ കാണാൻ കഴിയും. ജനുവരി പകുതിയോടെ കൂടുതൽ പൂമ്പാറ്റകൾ എത്തുന്നതോടെ അടുത്ത സ്ഥലങ്ങളിലേക്കുള്ള ദേശാടനവും തുടങ്ങും.

കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ പകുതിയോടെ ആൽബട്രോസ് ഇനത്തിൽ പെട്ട പൂമ്പാറ്റകൾ കൂട്ടമായെത്തി ദേശാടനം തുടങ്ങിയിരുന്നു. "ചെളിയൂറ്റൽ" സമയത്ത് നനഞ്ഞ മണ്ണിൽനിന്ന് ഉപ്പും, അമിനോ ആസിഡുമാണ് ഇവ ശേഖരിക്കുക. ചിലയിനം പൂമ്പാറ്റകളിലെ ആൺ ശലഭങ്ങളാണ് സാധാരണ ചെളിയൂറ്റലിൽ ധാരാളമായി കേന്ദ്രീകരിക്കുന്നതെന്ന് ശലഭ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ആൽബട്രോസ്, ചോക്ലേറ്റ് ആൽബട്രോസ്, നാട്ടുകുടുക്ക, നീലകുടുക്ക, വിലാസിനി, ചോലവിലാസിനി, വൻ ചെഞ്ചിറകൻ, മഞ്ഞപാപ്പാത്തി, അരളി ശലഭം, കടുവാശലഭം തുടങ്ങിയ ഇനത്തിൽ പെട്ടവയാണ് ഈ വർഷം ചെളിയൂറ്റലിൽ കൂട്ടത്തോടെ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതെന്ന് ശലഭനിരീക്ഷകൻ നിഷാദ് മണത്തണ പറഞ്ഞു.

സഞ്ചാരികളെ കാത്ത്....

കേളകം പഞ്ചായത്തിലെ ചീങ്കണ്ണിപ്പുഴയോരത്തെ വിവിധ മണൽത്തിട്ടകളാണ് ശലഭങ്ങൾ തങ്ങുന്ന മുഖ്യകേന്ദ്രങ്ങൾ. നൂറുകണക്കിന് ശലഭങ്ങളാണ് ഇപ്പോൾ എത്തിചേർന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ശലഭങ്ങൾ ദേശാടനത്തിനെത്തുന്നതോടെ ഈ ദൃശ്യം കാണാനും പകർത്താനും തെളിനീരോഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ മുങ്ങി കുളിക്കാനും, കിലോമീറ്റർ നീളുന്ന ആനമതിലിലൂടെ നടന്ന് മറുകരയിലെ ആറളം വന്യജീവി സങ്കേതത്തിലുള്ള വന്യമൃഗങ്ങളെ അടുത്തുകാണാനും തൊട്ടടുത്തുള്ള പാലുകാച്ചിമലയിലെത്തി കോടമഞ്ഞിന്റെ സൗന്ദര്യം നുകരാനും സഞ്ചാരികളും ശലഭ നിരീക്ഷകരും എത്തുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്ക് ആവശ്യമായ താമസസൗകര്യവും യാത്ര സൗകര്യവും കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ: 9207 670674