പ്രകൃതി സ്നേഹത്തിന്റെ പാഠവുമായി കണ്ണൂരിൽ വൃക്ഷരാജപൂജ
കണ്ണൂർ: പ്രകൃതിയുമായുള്ള സഹജീവിതത്വത്തിന്റെ സന്ദേശവുമായി തൂണോളിലൈൻ ചെട്ടിയാർകുളം നിവാസികൾ അശ്വത്ഥനാരായണ പൂജ സംഘടിപ്പിച്ചു. വൃക്ഷരാജാവായ അരയാലിനു മുന്നിൽ പതിനൊന്നാം വർഷവും നടന്ന ഈ പൂജയ്ക്ക് ബിഹാറിൽ നിന്നെത്തി വർഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കിയ പതിനാല് കുടുംബങ്ങളിലെ അമ്മമാർ നേതൃത്വം നൽകി. കണ്ണൂർ റെയിൽവേ സ്റ്റേഷനു വടക്കുപടിഞ്ഞാറുള്ള തൂണോളിലൈൻ അരയാൽത്തറയിൽ മൺചിരാത് തെളിച്ചാണ് പൂജയ്ക്ക് തുടക്കമായത്. തുളസീദളമാലയും പുഷ്പമാല്യങ്ങളും കുരുത്തോലയും ചാർത്തി അലങ്കരിച്ച അരയാലിനു മുന്നിൽ ഇരിങ്ങാലക്കുട ഗുരുപഥം ആചാര്യൻ പി.കെ. ഗോപാലകൃഷ്ണൻ തന്ത്രി മൂലമന്ത്രം ചൊല്ലി പൂജ ആരംഭിച്ചു. ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന അരയാലിനടിയിൽ തീർത്ഥനീർ തെളിച്ച് അഭിഷേകം നടത്തി. കുട്ടികളുൾപ്പെടെയുള്ള ഭക്തർ ഏഴു പ്രദക്ഷിണം പൂർത്തിയാക്കി വൃക്ഷരാജാവിനെ നമസ്‌കരിച്ചു. ആരതിയും തീർത്ഥവും പ്രസാദവും നടന്നതോടെ പൂജ സമാപിച്ചു. ബിഹാർ സ്വദേശിനികളായ നിഖി, കാമിനി സബിത, പൂജ, രാജ് മുന്നി, പിങ്കി, പൂനം, റീത്തു, സാവിത്രിയമ്മ പാറക്കണ്ടി, ചാന്ദ്നി, മിനി മോഹൻ, മഞ്ജുള മുരളി എന്നിവർ പഞ്ചാക്ഷരി മന്ത്രം ജപിച്ചും പ്രദക്ഷിണത്തിൽ പങ്കെടുത്തും പൂജയ്ക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന സത്സംഗത്തിൽ ഫോട്ടോ ജേർണലിസ്റ്റ് എസ്.കെ. മോഹൻ അദ്ധ്യക്ഷത വഹിച്ചു. വൃക്ഷപൂജാസംയോജകൻ മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് പ്രഭാഷണം നടത്തി. ആചാര്യൻ പി.കെ. ഗോപാലകൃഷ്ണൻ തന്ത്രി വൃക്ഷരാജപൂജാഫലശ്രുതി വിശദീകരിച്ചു. ഉച്ചയ്ക്കുശേഷം തൂണോളിലൈൻ ചെട്ടിയാർകുളം നിവാസികളായ കുട്ടികളുടെ കലാപരിപാടികളും ഭജനയും നടന്നു. വൈകുന്നേരം അരയാൽത്തറയിൽ ആണ്ടുമുത്തപ്പൻ വെള്ളാട്ടം നടന്നു. പ്രജീഷ് ചാലാട് മുത്തപ്പൻ കോലധാരിയായി. പ്രദേശത്ത് നൂറ്റാണ്ടുകളായി പടർന്നുപന്തലിച്ചു നിൽക്കുന്ന അരയാലിനു ചെങ്കൽത്തറ കെട്ടി സംരക്ഷിക്കാൻ മുൻകൈ എടുത്തത് തൂണോളിലൈൻ അരയാൽത്തറ മുത്തപ്പൻ ദേവസ്ഥാന കമ്മിറ്റിയാണ്. പതിനൊന്നുവർഷം മുമ്പാണ് തറ സമർപ്പിച്ചത്.