പകൽ സമയത്ത് ചൂട് കൂടുന്നു, ജലസ്രോതസുകൾക്ക് ഭീഷണി
കണ്ണൂർ: വേനൽക്കാലത്തിന് മുന്നോടിയായിത്തന്നെ ചൂടു കൂടിവരുന്ന സാഹചര്യത്തിൽ, ജില്ലയിലെ ജലസ്രോതസുകളുടെ കാര്യത്തിൽ ആശങ്ക. പകൽ താപനില ഉയരുന്നതാണ് ജലലഭ്യതയെക്കുറിച്ചുള്ള ആശങ്ക രൂക്ഷമാക്കിയിരിക്കുന്നത്.
ജലസംരക്ഷണത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും ഒന്നും തന്നെ ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പരിസ്ഥിതി ദിനത്തിലും ഗാന്ധിജയന്തി ദിനത്തിലും പുഴകളിൽ ഇറങ്ങി ശുചീകരണം നടത്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതല്ലാതെ വേറൊരു യഥാർത്ഥ സംരക്ഷണ പ്രവർത്തനവും നടക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആക്ഷേപിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുഴകളുടെയും തടയണകളുടെയും സംരക്ഷണത്തിന് ബഡ്ജറ്റിൽ ഫണ്ട് നീക്കിവയ്ക്കുന്നുണ്ടെങ്കിലും പിന്നീട് ഈ തുക മറ്റ് ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുകയാണ് പതിവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഹരിതകേരള മിഷൻ ജലസംരക്ഷണത്തിനും സുസ്ഥിര ജലവിനിയോഗത്തിനുമായി പുതിയ സംരംഭവുമായി രംഗത്തെത്തിയിട്ടുണ്ട്. ശുദ്ധജലലഭ്യത ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികൾക്കും വാട്ടർ വളണ്ടിയർമാരെ നിയമിക്കുന്നതിനുമുള്ള നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും എത്രത്തോളം വിജയിച്ചുവെന്ന് വരാനിരിക്കുന്ന വേനൽക്കാലത്ത് അറിയാം.
കൂടുതൽ തീവ്രമായ വേനലും അപ്രതീക്ഷിതമായ മഴയും സൃഷ്ടിക്കുന്ന ഇക്കാലത്ത്, ജലസംരക്ഷണം വെറും പരിസ്ഥിതി വിഷയമല്ല, മറിച്ച് അതിജീവനത്തിന്റെ ചോദ്യമാണ്. പദ്ധതികളും ബഡ്ജറ്റുകളും ഉണ്ടായിട്ടും നടപ്പാക്കലിലെ പരാജയം, കണ്ണൂരിലെ ജനങ്ങളെ വരാനിരിക്കുന്ന വേനൽക്കാലത്ത് ജലദാരിദ്ര്യത്തിലേക്ക് നയിക്കും എന്നാണ് പരിസ്ഥിതി പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
തൊഴിലുറപ്പ് പദ്ധതിയുടെ പിൻവാങ്ങൽ മുൻവർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജലസ്രോതസുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമായി പ്രവൃത്തികൾ നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തടയണ കെട്ടൽ ഉൾപ്പെടെയുള്ള അടിസ്ഥാനപ്രവൃത്തികൾ പോലും പല സ്ഥലങ്ങളിലും നടത്തിയിട്ടില്ല. പല തദ്ദേശസ്ഥാപനങ്ങളിലും പുഴകളെ സംരക്ഷിക്കാനും ജലനിരപ്പ് നിലനിർത്താനുമുള്ള പദ്ധതികൾ രണ്ടുവർഷം മുമ്പ് ചർച്ച ചെയ്‌തെങ്കിലും അവ പ്രാവർത്തികമാക്കിയിട്ടില്ല.
മലിനീകരണം പുഴകളിലും തോടുകളിലും ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിവേസ്റ്റും തള്ളുന്നത് സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. ഇതിന്റെ ഫലമായി ജലസ്രോതസുകൾ കടുത്ത മലിനീകരണത്തിനു വിധേയമാവുകയും പരിസരമാകെ ദുർഗന്ധം വമിക്കുകയും ചെയ്യുന്നു.
ഹരിതകേരള മിഷന്റെ ജലസംരക്ഷണ പദ്ധതികൾ
ജലസ്രോതസുകളുടെ പുനരുജ്ജീവനം, പുനരുപയോഗം, ശുചിത്വം എന്നിവ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാക്കി മാറ്റുക
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ മഴവെള്ള സംഭരണം ശക്തിപ്പെടുത്തുക
ജനകീയ പങ്കാളിത്തം സ്വയം താൽപര്യമുണർത്തുന്ന പ്രവർത്തനമായി വളർത്തുക
തിരഞ്ഞെടുക്കുന്ന വളണ്ടിയർമാരെ പ്രാദേശികാടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കുക