തദ്ദേശ തിരഞ്ഞെടുപ്പ് : ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി ഇല്ലാത്തതും തിരിച്ചടിയായി,​ ഭരണവിരുദ്ധ വികാരമില്ലെന്ന് സി പി എം

Sunday 28 December 2025 10:24 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി,എഫിനേറ്റ തിരിച്ചടിക്ക് പിന്നിൽ ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി എടുക്കാത്തതുമാണെന്ന് സി.പി.എം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന സമിതിവിലയിരുത്തി. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായതായും വിലയിരുത്തലുണ്ടായി.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിനേരിട്ട പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥവേണമെന്നാണ് സംസ്ഥാന സമിതിയിലെ നിർദ്ദേശം.കൂടാതെ സംസ്ഥാനത്തെ സാമ്പത്തികമായികേന്ദ്രംം ഞെരുക്കുന്നതിലുള്ള പ്രതിഷേധം കടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാരിനെതിരെ ജനുവരി 12ന് ഉപവാസ സമരം സംഘടിപ്പിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഉപവസിക്കും.കേന്ദ്ര അവഗണനയ്‌ക്കെതിരെ ഫെബ്രുവരി ആദ്യ വാരത്തിൽ മേഖലാ ജാഥകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു അസംബ്ളി മണ്ഡലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും ജാഥ എത്തും വിധമാണ് ക്രമീകരണം.ഒരു ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറിയും മറ്റൊന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും നയിക്കും.