കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചവർ അറസ്റ്റിൽ
ചാലക്കുടി: മറികടന്നു പോകാൻ അവസരം നൽകാത്തതിൽ ക്ഷുഭിതരായി കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികരായ മൂന്ന് യുവാക്കളെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ കിടങ്ങൂർ കവരപറമ്പിൽ എബിൻ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടിൽ ഷിന്റോ വർഗീസ് (39), കറുകുറ്റി കരയാംപറമ്പ് പുളിയനം വീട്ടിൽ ബെൽജോ (39) എന്നിവരെയാണ് ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഡിസംബർ 26ന് രാത്രി 11.45ന് ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപമായിരുന്നു സംഭവം. കോട്ടയത്തേക്ക് പോയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തിയത്. ബസിന് കുറുകെ കാർ നിറുത്തുകയും ഡ്രൈവർ തൊടുപുഴ തൊട്ടിപറമ്പിൽ അബ്ദുൾ ഷുക്കൂറിനെ (53) പുറത്തിറക്കി മർദ്ദിക്കുകയും ചെയ്തു. പിന്നീട് ബസിന്റെ താക്കോൽ ഊരിയെടുത്തു.
ബസിന്റെ ട്രിപ്പ് മുടക്കൽ, ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. അങ്കമാലിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കാർ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഇൻസ്‌പെക്ടർ എം.കെ.സജീവ്, സബ്ബ് ഇൻസ്‌പെക്ടർമാരായ അജിത്, ലാലു, ഉണ്ണിക്കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത് കുമാർ, സിവിൽ പൊലീസ് ഓഫീസർ ജിജോ പടിക്കല എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.