ഒഴിഞ്ഞുപോ എന്ന് ശ്രീലേഖ, മാർച്ചാകട്ടെയെന്ന് പ്രശാന്ത്

Monday 29 December 2025 1:24 AM IST

തിരുവനന്തപുരം: തന്റെ ഓഫീസിൽ സൗകര്യങ്ങളില്ലെന്നും വി.കെ. പ്രശാന്ത് എം.എൽ.എയ്‌ക്ക് കോർപ്പറേഷൻ അനുവദിച്ച മുറി ഒഴിയണമെന്നും തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ. 2026 മാർച്ചുവരെ എഗ്രിമെന്റുണ്ടെന്നും അതുകഴിഞ്ഞ് ആലോചിക്കാമെന്നും പ്രശാന്ത് പ്രതികരിച്ചതോടെ വിഷയം സി.പി.എം - ബി.ജെ.പി പോരായി. ശാസ്‌തമംഗലം കൗൺസിലറാണ് മുൻ ഡി.ജി.പി ശ്രീലേഖ. വട്ടിയൂർക്കാവ് എം.എൽ.എയാണ് വി.കെ. പ്രശാന്ത്.

കോർപ്പറേഷന്റെ ശാസ്‌തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലാണ് ശ്രീലേഖയുടെ ഓഫീസ്. ഇതിന് തൊട്ടടുത്ത മുറിയിലാണ് വി.കെ. പ്രശാന്തിന്റെ എം.എൽ.എ ഓഫീസ്. ഇതൊഴിയാനാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാൽ, ബി.ജെ.പി പകയോടെ പ്രവർത്തിക്കുന്നുവെന്നും ശ്രീലേഖയ്‌ക്ക് ഡി.ജി.പിയായിരുന്നതിന്റെ ഹുങ്കാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് കുറ്റപ്പെടുത്തി. മര്യാദകേടാണെന്ന് മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു.

പ്രശാന്തുമായി ഫോണിൽ സംസാരിച്ചത് മാദ്ധ്യമവാർത്തയായത് എങ്ങനെയെന്ന് അറിയില്ലെന്ന് ശ്രീലേഖ പറഞ്ഞു. തുടർന്ന് മാദ്ധ്യമങ്ങൾക്കൊപ്പമെത്തി ശാസ്തമംഗലത്തെ ഓഫീസിലെ പരിമിതികൾ ചൂണ്ടിക്കാട്ടി. എം.എൽ.എ ഓഫീസ് ഒഴിയാമോയെന്നത് തന്റെ അഭ്യർത്ഥനയാണെന്നും വി.കെ. പ്രശാന്ത് അനുജനെ പോലെയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും പറഞ്ഞു. മാദ്ധ്യങ്ങൾക്ക് മുന്നിൽ വച്ച് പ്രശാന്തിന് ഹസ്തദാനം നൽകിക്കൊണ്ടായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

അഭ്യർത്ഥന ആയാലും യാചന ആയാലും ആവശ്യപ്പെട്ട ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് പ്രശാന്ത് ചോദിച്ചു. എം.എൽ.എ ഓഫീസിന്റെ വാടക കാലാവധി കഴിയും വരെ താൻ ചെറിയ ഓഫീസിൽ തുടരാമെന്ന് ശ്രീലേഖ പറഞ്ഞതോടെയാണ് വിവാദം തണുത്തത്.

 300 സ്‌ക്വയർ ഫീറ്റിന്

വാടക 832രൂപ

സംഭവശേഷം വാർത്താസമ്മേളനം വിളിച്ച മേയർ വി.വി. രാജേഷ് വിഷയം ഇത്രയും രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടെടുത്തു. എം.എൽ.എ ഓഫീസിന്റെ വാടക വിവരങ്ങളും പുറത്തുവിട്ടു. 300 സ്‌ക്വയർ ഫീറ്റ് മുറി 832രൂപ പ്രതിമാസ വാടകയ്ക്കാണ് നൽകിയിരിക്കുന്നത്. എം.എൽ.എ ഓഫീസിന് ഇളവ് അനുവദിക്കാം. എന്നാൽ, സ്വകാര്യവ്യക്തികൾക്ക് ഇതുപോലെ തുച്ഛമായ വാടകയ്‌ക്ക് കെട്ടിടങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും രാജേഷ് വ്യക്തമാക്കി. നഗരസഭയുടെ കെട്ടിടങ്ങളിൽ പേരിന് വാടക വാങ്ങിയും കാലങ്ങളായി കുടിശിക നൽകാതെയും പ്രവർത്തിക്കുന്നവരുടെ കണക്കെടുക്കലും കോർപ്പറേഷനിൽ ആരംഭിച്ചു.