സഖാക്കൾക്ക് എഴുത്തു പരീക്ഷ; വലവീശലും
ശസ്ത്രക്രിയ വിജയം; പക്ഷേ, രോഗി മരിച്ചു! ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം ജില്ലകളിലും തോറ്റു തൊപ്പിയിട്ടെങ്കിലും അത് തുറന്നു സമ്മതിക്കാൻ സഖാക്കൾക്ക് വൈമനസ്യം. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് പത്രക്കാരോട് പറഞ്ഞതുതന്നെ സാമ്പിൾ: 'എൽ.ഡി.എഫിന്റെ അടിത്തറ ഇപ്പോഴും ഭദ്രമാണ്." ഇടതു സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോ എന്നു ചോദിച്ചപ്പോൾ മറുപടി: 'ഒരു ഭരണവിരുദ്ധ വികാരവുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വീണ്ടും തുടർഭരണം ലഭിക്കും."
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞതാണ് ശരി- 'സി.പി.എമ്മുകാരെ തോൽപ്പിക്കാൻ എളുപ്പമാണ്. തോൽവി അവരെക്കൊണ്ട് സമ്മതിപ്പിക്കാനാണ് ബുദ്ധിമുട്ട്!" തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആ വിഷയം മാത്രം ചർച്ച ചെയ്തില്ല. കീഴ് ഘടകങ്ങളിലെ വിലയിരുത്തൽ റിപ്പോർട്ടുകൾ കൂടി ലഭിച്ചതിനു ശേഷം പാർട്ടിയിലും എൽ.ഡി.എഫിലും വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം. അതിനായി പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എഴുത്തുപരീക്ഷ നടത്തും. വിമർശനമായാലും സ്തുതിഗീതമായാലും തുറന്നെഴുതാം. പരീക്ഷയ്ക്ക് 22 ചോദ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അതിന് രഹസ്യ സ്വഭാവമില്ല.
തിരഞ്ഞെടുപ്പിൽ, ബന്ധപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ടായോ, സ്ഥാനാർത്ഥി
നിർണയത്തിൽ അപാകതയുണ്ടായോ തുടങ്ങിവയാണ് ചോദ്യങ്ങൾ. അതിൽ ഒരു പ്രധാന ചോദ്യമില്ല- ' സർക്കാർ വിരുദ്ധവികാരം പ്രകടമായോ?" ഈ പരീക്ഷയുടെ ഉത്തരങ്ങൾ പരിശോധിച്ചിട്ടു വേണം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി തിരിച്ചടിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ. അപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാവില്ലേ എന്നു ചോദിച്ചാൽ, അതിന്റ ഫലം പിന്നീട് ചർച്ച ചെയ്താൽ മതിയല്ലോ എന്നാവും ഉത്തരം. തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും സമയമെടുക്കും. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി!
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ യോൽവിക്ക് ശബരിമല സ്വർണക്കൊള്ള വിഷയവും ഒരു കാരണമായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചത് നല്ല കാര്യം. 'സഖാക്കളെല്ലാം സ്വർണം കട്ടവരാണപ്പാ" എന്നാണല്ലോ പ്രതിപക്ഷത്തിന്റെ പാരഡി ഗാനം. സ്വർണക്കൊള്ള കേസിൽ അഴിയെണ്ണുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും, മുൻ എം.എൽ.എയുമായ പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുക്കാത്തത് എന്തെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് തനിക്ക് അതിന് മറുപടി പറയാൻ കഴിയില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
പുറത്തു പറയാനാവാത്ത രഹസ്യങ്ങൾ പത്മകുമാറിനു പിന്നിലുണ്ടോ?പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്മകുമാറിനെ നീക്കാത്തത് അക്കാര്യത്തിൽ കുറേക്കൂടി വ്യക്തത വരാനുള്ളതു കൊണ്ടാണെന്നാണ് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറയുന്നത്. സ്വർണപ്പാളി ചെമ്പാണെന്ന് തിരുത്തി, ഉണ്ണിക്കൃഷ്ണൻ പോറ്റി വഴി കടത്തിയത് പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിന്റെ അനുമതിയോടെ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇനിയും വേണോ
വ്യക്തത?
സ്വർണക്കൊള്ള വിഷയത്തിൽ ഇതുവരെ പ്രതിപക്ഷമാണ് സർക്കാരിനും സി.പി.എമ്മിനുമെതിരെ ഗോളടിച്ചത്. ഇനി ആ കളി നിയമസഭാ തിരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടു പോകാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് മുഖ്യമന്ത്രി. സ്വർണപ്പാളികൾ കടത്തിയ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുകയും, സോണിയാ ഗാന്ധിക്ക് പോറ്റി ഉപഹാരം നൽകുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. അതീവസുരക്ഷാ പട്ടികയിലുള്ള സോണിയാ ഗാന്ധിയെ ചെന്ന് കാണാനുള്ള സൗകര്യം പോറ്റിക്കും ഗോവർദ്ധനും ചെയ്തു കൊടുത്തതും ഒപ്പമുണ്ടായിരുന്നതും കോൺഗ്രസ് എം.പിമാരായ അടൂർ പ്രകാശും ആന്റോ ആന്റണിയുമാണ്.
പോറ്റിയും ഗോവർദ്ധനുമായി ഇവർക്ക് എന്താണ് ബന്ധമെന്ന മുഖ്യമന്ത്രിയുടെ ചോദ്യം കോൺഗ്രസ് നേതാക്കളുടെ വായടപ്പിച്ചു. കോൺഗ്രസിന്റെ പതിനെട്ടടവിന് മുഖ്യമന്ത്രിയുടെ പൂഴിക്കടകൻ! കൊടുത്താൽ കൊല്ലത്തും കിട്ടും. പക്ഷേ,സി.പി.എം ടിക്കറ്റിൽ മത്സരിച്ച് രണ്ടുതവണ നിയമസഭയിലെത്തിയ നടൻ മുകേഷ് പീഡനക്കേസിൽ പ്രതിയായിട്ടും നടപടിയെടുക്കാത്തത് മുകേഷ് പാർട്ടി അംഗമല്ലാത്തതു കൊണ്ടാണെന്ന ഗോവിന്ദൻ മാഷിന്റെ വരട്ടു തത്വവാദം ദഹിക്കുന്നില്ല.
ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നതായി പ്രചരിക്കുന്ന ചിത്രം 'എ.ഐ" കൃത്രിമ ബുദ്ധി നിർമ്മിതമെന്ന് സി.പി.എം. അതിന്റെ പേരിൽ കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അതേ ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. പമ്പയിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ നിറയെ ഒഴിഞ്ഞ കസേരകൾ കണ്ടതും 'എ ഐ" നിർമ്മിതമെന്നാണ് ഗോവിന്ദൻ മാഷ് പറഞ്ഞത്. അപ്പോൾ, ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ കടത്തിയ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഇതേ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രം 'ഐ.എ" (അയ്യേ) ആണോ!
യു.ഡി.എഫിൽ ഇപ്പോൾ 'വികസന" കാലമാണ്. പരമാവധി പേരെ മുന്നണിയിൽ ചേർക്കാൻ വല വീശി കാത്തിരിപ്പാണ്. പി.വി. അൻവറിന്റെ പാർട്ടി, സി.കെ. ജാനുവിന്റെ പാർട്ടി എന്നീ നെത്തോലികൾ വലയിൽ കുടുങ്ങി. കൂടെ ആളില്ലെങ്കിലും കുഴപ്പമില്ല, പാർട്ടികളുടെ എണ്ണം കൂട്ടണം. വലയിൽ കുടുങ്ങിയെന്ന് ഉറപ്പിച്ച വിഷ്ണുപുരം ചന്ദ്രശേഖരന്റ പൊടി മീൻ അവസാന നിമിഷം വലയിൽ നിന്ന് പുറത്തുചാടി. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ അംഗമായ പാർട്ടി, അവഗണനയിൽ മടുത്താണ് ഇക്കരെപ്പച്ച തേടിയത്.
കേരളത്തിൽ എൻ.ഡി.എയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ ബി.ഡി.ജെ.എസിൽ പോലും തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അവഗണനയിൽ അതൃപ്തി പുകയുന്നുവെന്നും, അതിലെ ചില നേതാക്കൾ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുമായി രഹസ്യ ചർച്ചകൾ നടത്തിയെന്നുമൊക്കെയാണ് ചില മാദ്ധ്യമ വാർത്തകൾ. പിന്നെയാണോ വിഷ്ണുപുരത്തിന്റെ പാർട്ടി! അഭയം തേടി വിഷ്ണുപുരം ഇങ്ങോട്ടു വന്നതാണെന്ന് വി.ഡി. സതീശൻ. പക്ഷേ, ഒരു ചായ പോലും കൊടുക്കാതെ വിട്ടത് ശരിയായില്ല. ചർച്ചയ്ക്കെത്തിയ തങ്ങൾക്ക് ചായയും വടയും നൽകാനെങ്കിലും എൽ.ഡി.എഫ് നേതാക്കൾ ഔചിത്യം കാട്ടിയെന്ന് വിഷ്ണുപുരം.
എൽ.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് മാണി വിഭാഗം, ആർ.ജെ.ഡി തുടങ്ങി ഇത്തിരി വലിയ മീനുകളെ വലയിൽ കുടുക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം വിജയം കാണുന്ന മട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും എൽ.ഡി.എഫിനു മേൽ അട്ടിമറി വിജയം നേടുകയും, ആറിൽ നാല് കോർപ്പറേഷനുകളും കൈക്കലാക്കുകയും ചെയ്തിട്ടും ഒഴിയാബാധ പോലെ കോൺഗ്രസിൽ ഗ്രൂപ്പിസവും തമ്മിലടിയും മൂക്കുന്നു. കൊച്ചിയിൽ മേയറാവുമെന്ന് കരുതിയിരുന്ന കോൺഗ്രസ് വനിതാ നേതാവ് പുറത്തായത് ജാതിയുടെ പേരിലാണെങ്കിൽ, തൃശൂരിൽ മേയറെ നിശ്ചയിച്ചത് പണം വാങ്ങിയാണെന്നാണ് ആരോപണം. നേതാക്കളുടെ അടുത്ത പോര് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാവും. അതിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്.
നുറുങ്ങ്:
■ തൃശൂർ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച എട്ട് പേരും രാജിവച്ച് ബി.ജെ.പിക്കൊപ്പം ചേർന്നു.
● ഉത്തരേന്ത്യയിലെ കോൺഗ്രസ് മാതൃക കേരളത്തിലേക്കും. ബി.ജെ.പിക്ക് നല്ല കാലം!
(വിദുരരുടെ ഫോൺ: 99461 08221)