ഗുണനിലവാര പരിശോധന ലാബ് വന്നില്ല,​ നെൽ കർഷകരെ പിഴിഞ്ഞ് മില്ലുകൾ

Monday 29 December 2025 8:35 AM IST

ആലപ്പുഴ: ഈർപ്പത്തിന്റെയും പതിരിന്റെയും പേരിൽ മില്ലുകാരുടെ ചൂഷണം പതിവായിട്ടും നെല്ലിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള മൊബൈൽ ടെസ്റ്റിംഗ് ലാബ് പാഴ് വാക്കായി. കഴിഞ്ഞ പത്തുവർഷത്തിനിടെ ബ‌ഡ്ജറ്റിൽ പലതവണ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായെങ്കിലും തുക വകയിരുത്താൻ നടപടിയുണ്ടായില്ല. കൃഷി വകുപ്പിന് കീഴിലോ,​ സപ്ളൈകോയ്ക്കോ അംഗീകൃത ഗുണനിലവാര പരിശോധനാസംവിധാനമില്ലാത്തതിനാൽ സാമ്പ്രദായിക രീതിയിലാണ് പരിശോധന. ഒരു പാടശേഖരത്തിലെ നെല്ലിന്റെ ഗുണനിലവാരം അറിയാൻ ആ പാടത്തിന്റെ നാല് ഭാഗങ്ങളിൽ നിന്നുള്ള സാമ്പിൾ ശേഖരിച്ചശേഷം അവ കൂട്ടിക്കലർത്തി അതിനെ വീണ്ടും നിശ്ചിത അളവിൽ പലതവണ തരംതിരിച്ചശേഷം അതിൽ നിന്ന് 1000 നെൽമണികൾ കൊള്ളുന്ന അളവ് പാത്രത്തിൽ ശേഖരിക്കുന്ന സാമ്പിളിന്റെ തൂക്കം 27 ഗ്രാമോളം വന്നാൽ അത് ഗുണനിലവാരമുള്ള നെല്ലായി കണക്കാക്കും. അതിൽ താഴെയാണ് തൂക്കമെങ്കിൽ ഭാരവ്യത്യാസത്തിനനുസരിച്ച് നെല്ലിന്റെ ഗുണവും കുറയും. ഇതാണ് കേന്ദ്രം അംഗീകരിച്ച പരിശോധനാ സംവിധാനമെന്നാണ് സപ്ളൈകോ പറയുന്നതെങ്കിലും കർഷകർ ഇതിന് എതിരാണ്. എ.ഐയുൾപ്പെടെ അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ നിലനിൽക്കെ ലാബുകളുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനാ സംവിധാനം ആവിഷ്കരിക്കണമെന്നാണ് കർഷകരുടെ നിലപാട്. രണ്ടാം കൃഷിയുടെ കൊയ്ത്ത് അവസാനഘട്ടത്തിലെത്തി നിൽക്കെ ഈവർഷവും പല പാടങ്ങളിലും ഗുണനിലവാരമില്ലെന്നാരോപിച്ച് നെല്ല് സംഭരിക്കാൻ മില്ലുകാർ വിസമ്മതിച്ച സ്ഥിതിയുണ്ടായി.

നെല്ലിന്റെ ഗുണനിലവാരം കർഷകരെയും മില്ലുകാരെയും ബോദ്ധ്യപ്പെടുത്തി ചൂഷണത്തിനിടയില്ലാത്ത വിധം സംഭരണം പൂർത്തിയാക്കാമെന്നതാണ് മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ നേട്ടം. നെല്ലിന്റെ ഈർപ്പത്തോത്, അരി വീഴ്ചാനുപാതം, ഗുണനിലവാരം തുടങ്ങി ഏഴ് ഘടകങ്ങളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. നെല്ലിന്റെ വൈവിദ്ധ്യം, കാലാവസ്ഥ, ഉത്പാദന രീതി, മണ്ണിന്റെ അവസ്ഥ, വിളവെടുപ്പ്, വിളവെടുപ്പിന് ശേഷമുള്ള രീതികൾ എന്നിവ ഗുണനിലവാരത്തെ സ്വാധീനിക്കും.

ഈർപ്പവും പരിശുദ്ധിയും നിർണായകം

# 14 ശതമാനം ഈർപ്പമാണ് മികച്ച മില്ലിംഗ് ശേഷി. ഈർപ്പത്തോത് ഉയരുന്നത് അരി പൊടിയാൻ ഇടയാക്കും. പതിര്, കല്ലുകൾ, കള വിത്തുകൾ, മണ്ണ്, നെൽക്കതിരുകൾ, തണ്ടുകൾ എന്നിങ്ങനെ നെല്ല് ഒഴികെയുള്ള വസ്തുക്കളുടെ സാന്നിധ്യം പരിശുദ്ധിയും മില്ലിംഗ് ഗുണനിലവാരവും കുറയ്ക്കും

# ശരിയായ ഫിറ്റ്നസുള്ള കൊയ്ത്ത് മെഷീൻ വിളവെടുപ്പിന് ഉപയോഗിക്കാതെ വന്നാൽ വൈക്കോൽ അവശിഷ്ടങ്ങൾ, ചെളിക്കട്ടകൾ തുടങ്ങിയവയുടെ മിശ്രിതം മില്ലിംഗ് ശേഷി കുറയ്ക്കും. ധാന്യത്തിന്റെ വലിപ്പവും ആകൃതിയും അളവിനെ ബാധിക്കും.പാകമാകാത്ത നെല്ല് മില്ലിംഗ് സമയത്ത് എളുപ്പത്തിൽ പൊട്ടിപ്പോകും

# മൂപ്പെത്തിയ നെല്ലിൽ താപനിലയിലും ഈർപ്പത്തിലുമുള്ള ഏ​റ്റക്കുറച്ചിൽ മുഴുത്ത അരി ലഭ്യതകുറയ്ക്കും. വെള്ളം, പ്രാണികൾ, ചൂട് എന്നിവയുമായുള്ള സമ്പർക്കം ജൈവ,​ രാസ മാ​റ്റങ്ങൾക്കും നെല്ല് നശിക്കാനും കാരണമാകും

സാമ്പിൾ ശേഖരണവും പരിശോധനയും ശാസ്ത്രീയമായി നടത്താൻ മൊബൈൽ ലാബ് സംവിധാനം അത്യാവശ്യമാണ്. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി സംഭരണം സുഗമമാക്കാൻ ഇത് സഹായിക്കും.

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

മൊബൈൽ ലാബ് സർക്കാരിന്റെ പരിഗണനയിലാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,തൃശൂർ, പാലക്കാട് ജില്ലകളിലെ കർഷകർക്ക് ഗുണപ്രദമാകും

- സപ്ളൈകോ പാഡി മാർക്കറ്റിംഗ് വിഭാഗം, മങ്കൊമ്പ്