ഭർത്താവ്   വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു 

Monday 29 December 2025 3:41 AM IST

രാമനാട്ടുകര: ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഫറോക്ക് കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത് . ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.കഴുത്തിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റ മുനീറയുടെ നില ഗുരുതരമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മുനീറ മരണത്തിന് കീഴടങ്ങിയത്.

ഫാറൂഖ് കോളേജിന് സമീപം അണ്ടിക്കാടൻ കുഴിയിലാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ. സംഭവ ദിവസം രാവിലെ മുനീറ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാർ ആക്രമിച്ചത് ജബ്ബാർ ഭാര്യയോട് പണം ചോദിച്ചെന്നും പണം നൽകാതിരുന്നതോടെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നുമാണ് നാട്ടുകാർ പറയുന്നത്. മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഇയാൾ ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.. പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കൾ: ജിത ഫാത്തിമ. ഫിദ ഫാത്തിമ.