ക്ഷേത്രോത്സവത്തിനിടെ സംഘർഷം: എട്ട് പേർക്കെതിരെ കേസ്

Monday 29 December 2025 3:49 AM IST

നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിൽ ഭദ്രകാളി ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കാഴ്ച വരവിനിടെ ഉണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തേയും എട്ടുപേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കാഴ്ചയുടെ മുന്നിൽ ചെണ്ടമേളത്തിനൊപ്പം ഡാൻസുകളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ അഴിത്തലയിലെ കെ.പി ജിതിൻ ( 39), സിമിൻ ഗോപി (25), ഷാരോൺ വിനോദ് (22), കെ.എസ് അർജുൻ (20) എന്നിവർക്കും തൈക്കടപ്പുറത്തെ എം.അഭിനന്ദ്( 25), പി.വി ദിജിൻ (20), യഥുനാഥൻ (20), അഭിരാജ് (21) എന്നിവർക്കും പരിക്കേറ്റു. അക്രമത്തിൽ രണ്ടു ഭാഗത്തെയും എട്ടുപേർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കാഴ്ചവരവിനിടയിൽ ഡാൻസ് കളിച്ച് മനഃപൂർവ്വം തന്റെ സഹോദരിമാരുടെ ദേഹത്തേക്ക് വീഴാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോൾ അഭിരാജും സംഘവും തന്നെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നുവെന്ന് ജിതിൻ പറയുന്നു. എന്നാൽ ചെണ്ടമേളത്തിനൊപ്പം ഡാൻസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന തങ്ങളെ യാതൊരു കാരണവുമില്ലാതെ ഷിമിൻ ഗോപിയും സംഘവും അടിക്കുകയും കുത്തുകയുമായിരുന്നുവെന്ന് അഭിനന്ദും പറയുന്നു.