യു.പി. സ്വദേശിയുടെ മരണം: കൂലിത്തർക്കത്തിൽ മർദ്ദിച്ച യുവാക്കൾക്കെതിരെ കേസ്
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് അന്യസംസ്ഥാനക്കാരനായ ബാർബർ ഷോപ്പ് ജീവനക്കാരൻ മർദ്ദനമേറ്റ് തൊട്ടടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനിയാണ് കഴിഞ്ഞ 26ന് രാവിലെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ക്രിസ്മസ് ദിനത്തിൽ കടയിലെത്തി മർദ്ദിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. ഫേഷ്യൽ ചെയ്തതിന്റെ 300 രൂപ കൂലിയെ ചൊല്ലിയുള്ള തർക്കമായിരുന്നു നയീമിന് മർദ്ദനമേൽക്കാൻ കാരണം. ജോലി കഴിഞ്ഞ് പോകുമ്പോൾ വീണ്ടും മർദ്ദനമുണ്ടായെന്നും പരാതിയുണ്ട്. കടയുടമ ജോണി സെബാസ്റ്റ്യന്റെ പരാതിയിൽ ചെറുപറമ്പ് സ്വദേശികളായ ജിസ് വർഗീസ്, ജിബിൻ ചാക്കോ, അജയ് ദേവ്, കണ്ടാലറിയാവുന്ന മറ്റു നാലു പേർക്കുമെതിരെ കേസെടുത്തു. നയിം സൽമാനിയ്ക്ക് ഹൃദയത്തിൽ മൂന്ന് ബ്ലോക്കുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹൃദയാഘാതമെന്ന് പറയുന്നതിനാൽ മർദ്ദനത്തെ തുടർന്നാണോ ഹൃദയാഘാതമെന്ന് വ്യക്തമാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനും കേസുണ്ട്. മൃതദേഹം നയീമിന്റെ നാട്ടിലേക്ക് കൊണ്ടുപോയി.