സ്വയം പ്രതിരോധ പരിശീലനം @10; സ്ത്രീസുരക്ഷയ്ക്ക് കരുത്തുകൂട്ടും
തൃശൂർ: സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി 2015ൽ പൊലീസ് തുടങ്ങിയ 'നിർഭയ' സ്വയം പ്രതിരോധ പരിശീലനത്തിന് ജില്ലയിൽ ഇനിയും കരുത്തുകൂട്ടും. റൂറൽ പൊലീസ് ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈയിടെ സ്വയം പ്രതിരോധ പരിശീലനം നടത്തിയത്. കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പൊലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ചായിരുന്നു പരിശീലനം. വനിതാ സെല്ലും വനിതാ പൊലീസ് സ്റ്റേഷനും പിങ്ക് പൊലീസുമെല്ലാം ചേർന്ന് സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്വയം പ്രതിരോധ പരിശീലനം ശക്തമാക്കാനാണ് ലക്ഷ്യം.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റൂറൽ വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരും മാസ്റ്റർ ട്രെയ്നർമാരുമായ എ.എസ്.ഐ ജിജി, എ.എസ്.ഐ സിന്ധു, എസ്.സി.പി.ഒ ഷാജമോൾ എന്നിവരാണ് സ്വയം പ്രതിരോധ പരിശീലനം നൽകി വരുന്നത്.
ഗുണങ്ങളേറെ...
- സ്വന്തം കഴിവുകൾ തിരിച്ചറിയാനും ഉള്ളിലെ ഭയത്തെ അതിജീവിക്കാനും സാധിക്കും.
- ഏത് സാഹചര്യത്തിലും സമയോചിതമായി പ്രതികരിക്കാൻ സഹായകരമാകും.
- ശാരീരിക ശക്തിയോടൊപ്പം മനസിന്റെ കരുത്തും ആത്മവിശ്വാസവും വളർത്തിയെടുക്കാം.
- സ്ത്രീകൾക്ക് വെല്ലുവിളികളെ ധീരമായി നേരിടാനും സ്വയം സംരക്ഷിക്കാനും സാധിക്കും.
പരിശീലനം പൂർത്തിയാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കൊടുങ്ങല്ലൂർ അസ്മാബി കേളേജ്, കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ് സ്‌കൂൾ, വാടാനപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട എൽ.എഫ് കോൺവെന്റ് എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂൾ, അന്നനാട് യൂണിയൻ എച്ച്.എസ്.എസ്, മുപ്ലിയം വിമല ജ്യോതി സെൻട്രൽ സ്‌കൂൾ, ചേർപ്പ് സി.എൻ.എൻ സ്‌കൂൾ, ചെമ്പൂച്ചിറ ഗവ. എച്ച്.എസ്.എസ്, മേലൂർ നിർമല കേളേജ്, മതിലകം സെന്റ് ജോസഫ് എച്ച്.എസ്.എസ്, വല്ലച്ചിറ ഗവ. യു.പി സ്‌കൂൾ.
സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് സ്വയം പ്രതിരോധ പരിശീലനം അത്യന്താപേക്ഷിതമാണ്.
-ബി.കൃഷ്ണകുമാർ, റൂറൽ ജില്ലാ പൊലീസ് മേധാവി