രാസലഹരിയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിൽ
മൂവാറ്റുപുഴ : ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 2.8 ഗ്രാം എം.ഡി.എം.എയുമായി സഹകരണ ബാങ്ക് ജീവനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിമിനെയാണ് (35) മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും പിടികൂടിയത്.
ഉപഭോക്താവിൽ നിന്ന് പണം ലഭിച്ചശേഷം ശീതളപാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ രാസലഹരി ഒളിപ്പിച്ച് പൊതുസ്ഥലത്ത് ഇടുകയും അതിന്റെ ഫോട്ടോ കൈമാറുകയും ചെയ്യുന്ന രീതിയിലാണ് പ്രതി കച്ചവടം നടത്തിയിരുന്നത്. മുൻപ് രാസലഹരി കേസിൽ പ്രതിയായ ഇയാൾക്കെതിരെയുള്ള കേസ് കോടതിയിൽ വിചാരണ നടപടികളിലേക്ക് നീങ്ങുമ്പോഴാണ് വീണ്ടും പിടിയിലായത്.
ശനിയാഴ്ച വൈകിട്ട് ആട്ടായം ഭാഗത്ത് നടത്തിയ പരിശോധനയിൽ പശ്ചിമബംഗാൾ പുരാബ് വർത്തമാൻ ജില്ലയിലെ മന്തേശ്വർ താലൂക്കിലുള്ള എസ്.കെ.സദാം (23) എന്നയാളെ 20 ഗ്രാം കഞ്ചാവ്, 0.12 ഗ്രാം ഹെറോയിൻ എന്നിവയുമായി പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി.