ആളുമാറി പൊലീസ് മർദ്ദിച്ചെന്ന് യുവാവിന്റെ പരാതി
തൃശൂർ: ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആളുമാറി പൊലീസ് മർദ്ദിച്ചെന്ന് യുവാവിന്റെ പരാതി. കുറ്റൂർ ചാമക്കാട് പുതുക്കുളങ്ങര വീട്ടിൽ ശരതിനെ(31)യാണ് വിയ്യൂർ പൊലീസ് മർദ്ദിച്ചതെന്നാണ് പരാതി. പരിക്കേറ്റ ശരതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കേസുകളിൽ പ്രതിയായിട്ടുള്ള ശരത് നിലവിൽ നല്ലനടപ്പിലാണ്. കഴിഞ്ഞ ദിവസം കുറ്റൂർ ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ശരത് എന്ന് പേരുള്ള മറ്റൊരാളായിരുന്നു സംഘർഷമുണ്ടാക്കിയത്. പേര് കേട്ടതോടെ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ശരതാണെന്ന് ധരിച്ചായിരുന്നു ഒന്നും അന്വേഷിക്കാതെയും കാരണമൊന്നും പറയാതെ വീട്ടിലേക്ക് വന്ന് ക്രൂരമായി മർദ്ദിച്ചതെന്നാണ് ആരോപണം. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരത് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലിസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ശരത് പറഞ്ഞു.