ഉന്നാവ് പീഡനക്കേസ്: സി.ബി.ഐ അപ്പീൽ ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതിയിൽ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുക. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളും ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി കുൽദീപ് സിംഗ് സെൻഗറിന്റെ ജീവപര്യന്തം താത്‌കാലികമായി മരവിപ്പിച്ചത്. എന്നാൽ പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട പോക്സോ നിയമത്തിന്റെ വ്യവസ്ഥകൾ കോടതി കണക്കിലെടുത്തില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രതിക്കുവേണ്ടി ഒത്തുകളിച്ചെന്ന് ആരോപിച്ച് അതിജീവിത സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്. പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുണ്ട്.
ജന്തർ മന്തറിൽ
പ്രതിഷേധം
വിധിയിൽ പ്രതിഷേധിച്ച് ഇന്നലെയും ഉന്നാവ് അതിജീവിതയും മാതാവും ഡൽഹി ജന്തർ മന്തറിൽ ധർണ നടത്തി. സുപ്രീംകോടതിയിൽ വിശ്വാസമുണ്ടെന്നും ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഇന്നലെ അതിജീവിതയുടെ മാതാവ് പറഞ്ഞു. സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത് നല്ല കാര്യം. നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. കുൽദീപ് സിംഗ് സെൻഗറിൽ നിന്ന് സംരക്ഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ധർണയ്‌ക്കിടെ മാതാവ് കുഴഞ്ഞു വീണതോടെ പ്രതിഷേധം നിറുത്തിവച്ചു. കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിക്ക് മുന്നിലും അതിജീവിതയും മാതാവും പ്രതിഷേധിച്ചിരുന്നു.