ആരവല്ലി കുന്ന്: കേസ് ഇന്ന് സുപ്രീംകോടതിയിൽ

Monday 29 December 2025 12:57 AM IST

ന്യൂഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വന്ന മാറ്റം അനിയന്ത്രിതമായ ഖനനത്തിനും ഗുരുതര പരിസ്ഥിതി തകർച്ചയ്ക്കും വഴിയൊരുക്കുമെന്ന ആശങ്കകൾക്കിടെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ. കെ മഹേശ്വരി, ജസ്റ്റിസ് എ. ജി. മാസിഹ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. ആരവല്ലി മലനിരകളിലെ സംരക്ഷിത മേഖലകളിൽ ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് നിയമ സാധുത നൽകുന്ന വിധത്തിൽ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയ കമ്മിറ്റി ശുപാർശ ചെയ്ത നിർവചനം നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി സംഘടനകളും പൊതുജനങ്ങളും പ്രതിഷേധം തുടങ്ങിയത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഭൂഗർഭജലനിരപ്പ് സംരക്ഷിക്കുന്ന പരിസ്ഥിതി മേഖലയാണ് ആരവല്ലി കന്നുകൾ.