സോണിയയ്‌ക്ക് കേന്ദ്രത്തിന്റെ കത്ത്, നെഹ്‌റുവിന്റെ കത്തുകൾ മ്യൂസിയത്തിന് നൽകണം

Monday 29 December 2025 12:58 AM IST

ന്യൂഡൽഹി: ഒന്നാം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കൈപ്പടയിലുള്ള കത്തുകളും രേഖകളും പ്രധാനമന്ത്രി മ്യൂസിയത്തിന് തിരികെ നൽകണമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. അവ രാജ്യത്തിന്റേതാണെന്നും ഒരു വ്യക്തിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിൽ(ഇപ്പോഴത്തെ പ്രധാനമന്ത്രി മ്യൂസിയം ആന്റ് ലൈബ്രറിഈ സൂക്ഷിച്ച രേഖകളാണിവ. നെഹ്‌റു എഴുതിയ വ്യക്തിപരമായ കത്തുകൾ, അദ്ദേഹത്തിന് ലഭിച്ച മറുപടികൾ, കുറിപ്പുകൾ എന്നിവ അടക്കം നാലു ലക്ഷത്തോളം രേഖകൾ 1970-1990 കാലത്താണ് പഴയ നെഹ്റു മ്യൂസിയത്തിൽ എത്തിയത്. 2008 ഏപ്രിൽ 29 ന് സോണിയ ഗാന്ധിയുടെ പ്രതിനിധി എം.വി. രാജൻ നെഹ്‌റുവിന്റെ എല്ലാ സ്വകാര്യ കത്തുകളും കുറിപ്പുകളും കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിച്ച് കത്തെഴുതി. തുടർന്ന് ഏകദേശം 57 പെട്ടികളിലായി 26,000 രേഖകൾ മ്യൂസിയത്തിൽ നിന്ന് കൊണ്ടുപോയി.

ഇവ വായ്‌പയോ സമ്മാനമോ അല്ലെന്നും സുരക്ഷിതമായി സൂക്ഷിക്കണമെന്ന ഉറപ്പിൽ കുടുംബത്തിന് കൈമാറിയതാണെന്നും മന്ത്രി ശെഖാവത്ത് പറഞ്ഞു. മുൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട രേഖകൾ സ്വകാര്യ സ്വത്തല്ല. രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സോണിയയ്‌ക്ക് രണ്ടു കത്തുകളയച്ചെന്നും മന്ത്രി വെളിപ്പെടുത്തി. പഴയ നെഹ്‌റു മ്യൂസിയം മോദി സർക്കാർ 2023 ജൂണിൽ മുൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയമാക്കി മാറ്റിയിരുന്നു.