140-ാം വാർഷികം ആഘോഷിച്ച് കോൺഗ്രസ് നട്ടെല്ലുണ്ട്, ഇന്ത്യയ്‌ക്കായി പൊരുതും: ഖാർഗെ
ന്യൂഡൽഹി: അധികാരമില്ലാത്തതിനാൽ ശക്തി കുറവായിരിക്കാമെങ്കിലും നട്ടെല്ല് നേരെയാണെന്നും ഇന്ത്യക്കായി പോരാടുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പ്രത്യയശാസ്‌ത്രം മരിക്കില്ലെന്നും പറഞ്ഞു. 1885 ഡിസംബർ 28 ന് മുംബയിൽ കോൺഗ്രസ് സ്ഥാപിതമായതിന്റെ 140-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹി ആസ്ഥാനമായ ഇന്ദിരാഭവനിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അവസാനിച്ചുവെന്ന് പറയുന്നവരോട്, അധികാരമില്ലെങ്കിലും കോൺഗ്രസ് ഒരു പ്രത്യയശാസ്ത്രമാണ്. അതൊരിക്കലും മരിക്കുന്നില്ല. ഭരണഘടനയിലോ മതേതരത്വത്തിലോ ദരിദ്രരുടെ അവകാശങ്ങളിലോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. കോൺഗ്രസ് വിശ്വാസത്തെ ഉയർത്തിപ്പിടിച്ചെങ്കിൽ ചിലർ മതത്തെ രാഷ്ട്രീയമാക്കി മാറ്റി. കോൺഗ്രസ് മതത്തിന്റെ പേരിൽ ഒരിക്കലും വോട്ട് തേടിയിട്ടില്ല, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല. കോൺഗ്രസ് ഒന്നിപ്പിക്കുമ്പോൾ ബി.ജെ.പി വിഭജിക്കുന്നു. കോൺഗ്രസിന്റെ പോരാട്ടം ഇന്ത്യയുടെ ആത്മാവിനുവേണ്ടിയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ മറ്റാരുമില്ല. തൊഴിലുറപ്പ് പദ്ധതി പോലുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഖാർഗെ ആഹ്വാനം ചെയ്‌തു. നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കെ.സി. വേണുഗോപാൽ, പാർട്ടി എംപിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. ഇന്ത്യയുടെ ആത്മാവിന്റെ ശബ്ദമാണ്. പാർട്ടി ദുർബലർക്കും നിരാലംബർക്കും അധ്വാനിക്കുന്നവർക്കും ഒപ്പമാണ്. അനീതിയും സ്വേച്ഛാധിപത്യവും എതിർക്കാനും ഭരണഘടന സംരക്ഷിക്കാനും ശക്തമായി പോരാടും
-രാഹുൽ ഗാന്ധി