2025ന്റെ നഷ്ടം കലാലോകത്തുനിന്ന് വിട പറഞ്ഞവർ

Monday 29 December 2025 1:51 AM IST

പതിറ്റാണ്ടുകളായി സിനിമ, സംഗീതം, ടെലിവിഷൻ മേഖലകളിൽ തിളങ്ങിനിന്ന പ്രിയപ്പെട്ട കലാകാരന്മാരുടെ വിയോഗത്തിൽ രാജ്യം ദുഃഖിച്ച വർഷമാണ് 2025.

1. മനോജ് കുമാർ

ദേശസ്‌നേഹ കഥാപാത്രങ്ങൾക്ക് പേരുകേട്ട ഇതിഹാസ നടനും ചലച്ചിത്ര നിർമ്മാതാവുമായ മനോജ് കുമാർ 87-ാം വയസിൽ അന്തരിച്ചു. 'ഭരത് കുമാർ' എന്നറിയപ്പെടുന്ന അദ്ദേഹം 2025 ഏപ്രിൽ 4ന് മുംബയിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളാണ് മരണകാരണം.

2. ധർമ്മേന്ദ്ര ഇതിഹാസ താരം. 'അവൻമാൻ' എന്നും 'ധരം പാജി' എന്നും സ്‌നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന മുതിർന്ന ബോളിവുഡ് താരം ധർമ്മേന്ദ്ര നവംബർ 24ന് 89-ാം വയസിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ലോകത്തിലെ ആരാധകരൊന്നടങ്കം ദുഃഖത്തിലായി.

3. ഗോവർദ്ധൻ അസ്രാണി മുതിർന്ന കോമിക് നടൻ ഗോവർദ്ധൻ അസ്രാണി ഒക്ടോബർ 20 ന് 84 -ാം വയസിൽ അന്തരിച്ചു. ഹിന്ദി സിനിമയിലെ അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കി വച്ചാണ് മടക്കം. കോമഡി സിനിമകളിലെ ഐക്കോണിക് വേഷങ്ങളിലൂടെ പ്രശംസ നേടി.

4. സതീഷ് ഷാ 'ജാനേ ഭി ദോ യാരോ', 'മെയിൻ ഹൂൻ നാ', ഹിറ്റ് ടിവി ഷോ 'സാരാഭായ് സാരാഭായ്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ സതീഷ് ഷാ ഒക്ടോബർ 25 ന് അന്തരിച്ചു. 74 വയസായിരുന്നു.

5. സുബീൻ ഗാർഗ് യാ അലി എന്ന ഹിറ്റ് ഗാനത്തിലൂടെയും ആസാമീസ്, ബംഗാളി, ഹിന്ദി സംഗീതത്തിന് നൽകിയ സംഭാവനകളിലൂടെയും പ്രശസ്തനായ ഗായകൻ. സെപ്തംബർ 19 ന് സ്‌കൂബ ഡൈവിംഗിനിടെ മരണം. 52 വയസായിരുന്നു. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം നടക്കുന്നു. കലാരംഗത്തെ വലിയ നഷ്ടം

6. ഷെഫാലി ജരിവാല ബിഗ് ബോസ് താരം. കാന്റ ലഗ എന്ന മ്യൂസിക് വീഡിയോയിലൂടെ പേരുകേട്ട നടിയും ടെലിവിഷൻ താരവുമായ ഷെഫാലി ജരിവാല ജൂൺ 27 ന് മുംബയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 42 വയസായിരുന്നു.

7. പങ്കജ് ധീർ

മഹാഭാരതത്തിൽ കർണന്റെ വേഷം അവതരിപ്പിച്ച് പ്രശസ്തി നേടിയ നടൻ പങ്കജ് ധീർ, ദീർഘകാലം ക്യാൻസറുമായി പോരാടിയ ശേഷം ഒക്ടോബർ 15 ന് അന്തരിച്ചു.

8. ധീരജ് കുമാർ

ടെലിവിഷനിലും സിനിമയിലും നിരവധി കാലഘട്ടങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നടനും നിർമ്മാതാവുമായ ധീരജ് കുമാർ ജൂലായ് 15 ന് അന്തരിച്ചു. ശ്വസന ബുദ്ധിമുട്ടുകളും ന്യുമോണിയയും അലട്ടിയിരുന്നു.

9. വരീന്ദർ സിംഗ് ഘുമാൻ

ബോളിവുഡിലും പ്രൊഫഷണൽ ബോഡിബിൽഡിംഗ് മേഖലയിലും പ്രശസ്തൻ. ബോഡിബിൽഡറിൽ നിന്ന് നടനായി മാറിയ വരീന്ദർ സിംഗ് ഘുമാൻ ഒക്ടോബർ 9 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

10. കാമിനി കൗശൽ ഹിന്ദി സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ കാമിനി കൗശൽ നവംബർ 13 ന് മുംബയിലെ വസതിയിൽ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചു.

11. മുകുൾ ദേവ്

നായക കഥാപാത്രം, പ്രതിനായകൻ, കഥാപാത്ര വേഷങ്ങൾ എന്നിവയിലൂടെ അനായാസമായി സഞ്ചരിച്ചുകൊണ്ട് ടെലിവിഷനിലും സിനിമകളിലും ഒരുപോലെ നിറഞ്ഞുനിന്നു മുകുൾ ദേവ്. അസുഖത്തെത്തുടർന്ന് മേയ് 23 ന് അന്തരിച്ചു.