ബ്രിജിറ്റ് ബാർഡോ അന്തരിച്ചു
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടിയും ഗായികയും മൃഗസംരക്ഷണ ആക്ടിവിസ്റ്റുമായ ബ്രിജിറ്റ് ബാർഡോ (91) ഓർമ്മയായി. ഇന്നലെ ഫ്രാൻസിലെ ടൂളോണിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി രോഗബാധിതയായിരുന്നു. 1952ൽ ക്രേസി ഫോർ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 15-ാം വയസിൽ എൽ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ടതാണ് മോഡലായിരുന്ന ബ്രിജിറ്റിന്റെ ജീവിതം മാറ്റിമറിച്ചത്. ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ (1956), ദ ട്രൂത്ത് (1960), കൺടെംപ്റ്റ് (1963), വിവ മരിയ (1965) തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടി. 42 ചിത്രങ്ങളിൽ മാത്രമാണ് ബിജിറ്റ് അഭിനയിച്ചത്. 1973ൽ സിനിമയിൽ നിന്ന് വിരമിച്ച അവർ, മൃഗ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി. ബ്രിജിറ്റ് ബാർഡോ ഫൗണ്ടേഷൻ എന്ന പേരിൽ മൃഗ സംരക്ഷണ ഗ്രൂപ്പ് സ്ഥാപിച്ചു. തീവ്ര വലതുപക്ഷ നിലപാടുകൾ മടികൂടാതെ തുറന്നു പറഞ്ഞിരുന്ന ബ്രിജിറ്റ്, ഫ്രാൻസിലെ കുടിയേറ്റം, ഇസ്ലാം മതം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പ്രസ്താവനകൾ വിവാദങ്ങൾക്കും വഴിവച്ചു. 1997നും 2008നും ഇടയിൽ വിവാദ പ്രസ്താവനകളുടെ പേരിൽ ബ്രിജിറ്റിന് ആറ് തവണ ഫ്രഞ്ച് കോടതി പിഴ ചുമത്തിയിരുന്നു. ബ്രിജിറ്റ് നാല് തവണ വിവാഹിതയായി. ഒരു മകനുണ്ട്.