ബംഗ്ലാദേശിലെ ആൾക്കൂട്ട ആക്രമണം ഭയാനകം: അപലപിച്ച് യു.എസ്

Monday 29 December 2025 7:22 AM IST

ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എസ്. ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഭയാനകമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചു. മതവിദ്വേഷത്തിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് യു.എസ് ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. റോ ഖന്ന അടക്കം അമേരിക്കൻ ജനപ്രതിനിധി സഭാംഗങ്ങളും ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തി. ഇതിനിടെ, ആക്രമണങ്ങൾക്കെതിരെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ലണ്ടനിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം അരങ്ങേറി.

ഈ മാസം 18നാണ് ദീപു കൊല്ലപ്പെട്ടത്. ദീപുവിന്റെ മൃതദേഹം ആദ്യം മരത്തിൽ കെട്ടിത്തൂക്കിയും തുടർന്ന് തിരക്കേറിയ ഹൈവേയിൽ എത്തിച്ചും കത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. ദീപു മതനിന്ദാപരമായി സംസാരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ക്രിമിനൽ സംഘത്തിന്റെ തലവനെന്ന് കാട്ടി അമൃത് മൊണ്ടാൽ എന്ന യുവാവിനെയും ആൾക്കൂട്ടം അടുത്തിടെ മർദ്ദിച്ചു കൊന്നിരുന്നു.

അതേ സമയം, മതന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് തുടരുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ മാത്രമാണെന്നാണ് ബംഗ്ലാദേശിന്റെ വാദം. ന്യൂനപക്ഷ സുരക്ഷയെ പറ്റിയുള്ള വിദേശ പ്രസ്താവനകൾ അതിശയോക്തിപരവും വസ്തുതാ വിരുദ്ധവുമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

2024 ആഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ചതിന് ശേഷം രാജ്യത്തെ ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ വിഭാഗക്കാർക്ക് നേരെ ഉണ്ടായത് 2,900ലേറെ ആക്രമണങ്ങളാണ്. 90ഓളം പേർ കൊല്ലപ്പെട്ടെന്നും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി.

# വാദം തള്ളി സുരക്ഷാ ഉദ്യോഗസ്ഥർ

വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ ഇന്ത്യയിലേക്ക് കടന്നെന്ന ബംഗ്ലാദേശ് പൊലീസിന്റെ വാദം തള്ളി മേഘാലയയിലെ സുരക്ഷാ ഏജൻസികൾ. മേഘാലയ അതിർത്തിയിലൂടെയാണ് പ്രതികൾ ഇന്ത്യയിലേക്ക് കടന്നതെന്ന് ധാക്ക മെട്രോപോളിറ്റൻ പൊലീസ് പ്രതികരിച്ചിരുന്നു.