യുക്രെയിൻ സംഘർഷം --- സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ: ട്രംപ്  സെലെൻസ്‌കി യു.എസിൽ

Monday 29 December 2025 7:23 AM IST

വാഷിംഗ്ടൺ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയെന്ന് കരുതുന്നതായി യു.എസ് പ്രസിഡന്റ് ‌ഡൊണാൾഡ് ട്രംപ്. മറിച്ചായാൽ യുദ്ധം നീളുമെന്നും ഇനിയും നിരവധി പേർ കൊല്ലപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ സമയം ഇന്നലെ അർദ്ധരാത്രിയോടെ ഫ്ലോറിഡയിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമൊത്തുള്ള ചർച്ചയ്ക്ക് മുന്നേയായിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപും സെലെൻസ്കിയും യൂറോപ്യൻ നേതാക്കളുമായി വെർച്വലായി സംസാരിക്കും. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരത്തെ സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യൂറോപ്പും യുക്രെയിനും സംയുക്തമായി ചില ഭേദഗതികൾ വരുത്തിയ ഇതിന്റെ പുതിയ പതിപ്പാണ് ചർച്ചയിലെ പ്രധാന വിഷയം. സെലെൻസ്കിയെ കാണുന്നതിന് മുമ്പ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോൺ സംഭാഷണം നടത്തി. സംഭാഷണം ഫലപ്രദമായിരുന്നെന്നും സെലെൻസ്കിയുമായി സംസാരിച്ച ശേഷം പുട്ടിനെ വീണ്ടും വിളിക്കുമെന്നും ട്രംപ് പറഞ്ഞു.

കരാറിന്റെ പുതിയ പതിപ്പിനെ റഷ്യ പിന്തുണച്ചിട്ടില്ല. യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്ത സ്ഥലങ്ങൾ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ. താത്കാലിക വെടിനിറുത്തലിനും തയ്യാറല്ല. സ്വന്തം ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ലെന്ന് യുക്രെയിനും.

 ലക്ഷ്യങ്ങൾ നേടാതെ പിന്നോട്ടില്ല: പുട്ടിൻ

യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയിൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, സൈനിക ശക്തിയിലൂടെ എല്ലാ ലക്ഷ്യങ്ങളും തങ്ങൾ നേടിയെടുത്തിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ യുക്രെയിൻ ഒട്ടും തിടുക്കം കാട്ടുന്നില്ലെന്നും പുട്ടിൻ കുറ്റപ്പെടുത്തി.

അതേ സമയം, റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്നലെ ഫ്ലോറിഡയിലെത്തുന്നതിന് മുന്നേയായിരുന്നു പ്രതികരണം. ശനിയാഴ്ച യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടിരുന്നു.