ക്യൂബ് തണ്ണിമത്തൻ !

Monday 29 December 2025 7:29 AM IST

ടോക്കിയോ : ഇത് ചെറിയ ക്യൂബോ പെട്ടിയോ ആണോ ? അതോ തണ്ണിമത്തങ്ങയോ ? കൺഫ്യൂഷൻ വേണ്ട... ക്യൂബിന്റെ ആകൃതിയിലുള്ള തണ്ണിമത്തങ്ങകൾ തന്നെ. ജപ്പാനിലെ സൂപ്പർമാർക്കറ്റുകളിലും മറ്റും ഇവയെ കാണാം. സവിശേഷ പ്രക്രിയയിൽ പ്രത്യേക ബോക്സുകളിൽ വളർത്തിയെടുക്കുന്നതിനാലാണ് ഇത്തരം ആകൃതിയിൽ തണ്ണിമത്തങ്ങകൾ ഉണ്ടാകുന്നത്. ഈ ക്യൂബിക് തണ്ണിമത്തങ്ങകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വളരെ എളുപ്പമാണ്.

മാത്രമല്ല, ഇവ മുറിച്ചെടുക്കാനും ബുദ്ധിമുട്ടില്ല. വളരെ ചെലവേറിയ കൃഷി രീതിയിലൂടെ ഉത്പാദിപ്പിക്കുന്ന ക്യൂബിക് തണ്ണിമത്തങ്ങകൾ അലങ്കാരത്തിനായാണ് പലരും വാങ്ങുന്നത്. 100 മുതൽ 200 ഡോളർ വരെയാണ് ഇവയുടെ വില എന്നതാണ് അതിന് കാരണം. 1978ൽ ടോമോയുകി ഒനോ എന്ന ഗ്രാഫിക് ഡിസൈനറാണ് ഈ തണ്ണിമത്തങ്ങയ്ക്ക് രൂപംനൽകിയത്. അതേ സമയം, ശരിയായ രൂപം നിലനിറുത്താൻ ഈ തണ്ണിമത്തങ്ങകളെ പാകമാകും മുമ്പ് വിളവെടുക്കുമെന്നതിനാൽ അവ ഭക്ഷ്യയോഗ്യമല്ല.

തണ്ണിമത്തങ്ങയുടേത് പോലുള്ള മധുരവും നാരങ്ങയുടേത് പോലുള്ള നേരിയ പുളിയുമുള്ള ' ലെമൺ മെലൺ ', വെള്ള സ്ട്രോബെറി, ഓറഞ്ചിന്റെയും മാൻഡരിന്റെയും ഹൈബ്രിഡ് ഇനമായ ഡെക്കോപോൺ സിട്രസ്, ലോകത്തെ ഏറ്റവും വിലകൂടിയ മുന്തിരിയായ റൂബീ റോമൻ, ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാകി തുടങ്ങിയ നിരവധി വ്യത്യസ്ത തരം പഴങ്ങളാണ് ജപ്പാനിൽ കൃഷി ചെയ്യുന്നത്. കറുത്ത നിറത്തിൽ പന്തു പോലെ ഉരുണ്ട തണ്ണിമത്തങ്ങകളും ജപ്പാനിലെ സൂപ്പർമാർക്കറ്റുകളിൽ കാണാം.