ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസിൽ രണ്ട് കോച്ചുകളിൽ തീപിടിച്ചു, ഒരാൾ വെന്തുമരിച്ചു
വിശാഖപട്ടണം: ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ട്രെയിനിലെ ബി1, എം2 കോച്ചുകൾക്കാണ് തീപിടിച്ചത്. അപകടമുണ്ടായ ഉടൻ ഇരുകോച്ചിലെയും യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നീട് നടന്ന പരിശോധനയിൽ ഒരാളുടെ മൃതദേഹം ലഭിക്കുകയായിരുന്നു. തിങ്കൾ പുലർച്ചെ 12.45ഓടെ വിശാഖപട്ടണത്തിന് 66 കിലോമീറ്റർ മാറി അനകപള്ളി ജില്ലയിലെ യാലമൻചിലി എന്ന റെയിൽവെസ്റ്റേഷന് അടുത്തുവച്ചാണ് യാത്രക്കിടെ ട്രെയിനിൽ തീ കണ്ടത്.
ഒരു കോച്ചിൽ 82 പേരും മറ്റൊന്നിൽ ഈ സമയം 76 യാത്രക്കാരും ഉണ്ടായിരുന്നു. ഉടൻ എല്ലാവരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആന്ധ്ര സ്വദേശിയായ ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തിനശിച്ച കോച്ചിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയുംപെട്ടെന്ന് അയക്കുമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. അഗ്നിബാധയുടെ കാരണം കണ്ടെത്താൻ രണ്ട് ഫൊറൻസിക് ടീം കോച്ചുകളിൽ പരിശോധന നടത്തുമെന്ന് പൊലീസും വ്യക്തമാക്കി.