ആഴ്‌ചകൾക്കകം റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്, ചർച്ചകൾ ഫലപ്രദമെന്നും പ്രതികരണം

Monday 29 December 2025 8:45 AM IST

ഫ്‌ളോറിഡ: റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം 'മുമ്പത്തേതിലും അടുത്തെത്തി' എന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌‌കിയുമായി തന്റെ ഫ്‌ളോറിഡയിലെ വസതിയായ മാർ അ ലാഗോയിൽ ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ സമാധാന ചർച്ചകളിൽ ചില സങ്കീർണ പ്രശ്‌നങ്ങൾ ഇനിയുമുണ്ടെന്നും അവ പരിഹരിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു.

പതിനായിരക്കണക്കിനുപേർ മൂന്ന് വർഷം കൊണ്ട് മരിച്ച റഷ്യ-യുക്രെയ്‌ൻ യുദ്ധം ആഴ്‌ചകൾക്കകം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചകൾക്ക് ശേഷം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഫോണിൽ ചർച്ച നടത്തി. ട്രംപുമായി നടന്നത് ഫലപ്രദമായ ചർച്ചയെന്നാണ് റഷ്യൻ പ്രതികരണം.

'ഞങ്ങളുടെ ചർച്ച വളരെ നന്നായി നടന്നു. എല്ലാ വിഷയങ്ങളിലും ഞങ്ങൾ ചർച്ച നടത്തി. യുദ്ധം ‌അവസാനിപ്പിക്കുന്നതിൽ ഇരുപക്ഷവും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.' ചർച്ചയ്‌ക്ക് ശേഷം ട്രംപ് വ്യക്തമാക്കി.

അതേസമയം സമാധാന കരാറിന്റെ പുതിയ പതിപ്പിനെ റഷ്യ നേരത്തെ‌ പിന്തുണച്ചിരുന്നില്ല. യുക്രെയ്‌നിൽ തങ്ങൾ പിടിച്ചെടുത്ത സ്ഥലങ്ങൾ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടാണ് റഷ്യയ്‌ക്ക്. താത്കാലിക വെടിനിറുത്തലിനും തയ്യാറല്ല. സ്വന്തം ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ലെന്ന് യുക്രെയ്നും വ്യക്തമാക്കിയിരുന്നു.

യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്ൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, സൈനിക ശക്തിയിലൂടെ എല്ലാ ലക്ഷ്യങ്ങളും തങ്ങൾ നേടിയെടുത്തിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണിസ്വരം മുഴക്കിയിരുന്നു. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ യുക്രെയിൻ ഒട്ടും തിടുക്കം കാട്ടുന്നില്ലെന്നും പുട്ടിൻ കുറ്റപ്പെടുത്തി.അതേ സമയം, റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും ആരോപിച്ചു.