കൊച്ചിയിലും തിരുവനന്തപുരത്തുമല്ല,​ ഈ ജില്ലയിൽ മെട്രോയും വാട്ടർമെട്രോയും വരണം,​ ആവശ്യവുമായി നേതാക്കൾ

Monday 29 December 2025 9:15 AM IST

ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കാഴ്ചകൾ കാണാനും കായൽ സവാരി നടത്താനും ഇനി ആകാശ മാർഗ്ഗവും വിനോദ സഞ്ചാരികൾക്ക് കുട്ടനാട്ടിലെത്താം. തമിഴ്നാട്ടിൽ നിന്നുള്ള സംഘം ഹെലികോപ്ടർ മാർഗം ഇന്നലെ ആലപ്പുഴയിലെത്തി. ആലപ്പുഴ പുന്നമടയിലെ റമദ ഹോട്ടലിന്റെ ഹെലിപാഡിലാണ് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘം ഇറങ്ങിയത്.

ടൂറിസം പ്രമോഷന്റെ ഭാഗമായി കാരവാൻ ടൂറിസവും ഹെലികോ‌പ്‌റ്റർ ടൂറിസവും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. കായൽ ടൂറിസവും ഒപ്പം ഡെസ്റ്റിനേഷൻ ടൂറിസവും വളർത്തുന്നതിന്റെ ഭാഗമായാണ് ഹോട്ടലുകളും ടൂറിസം മേഖലയിൽ ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.

പുതുവർഷവും ക്രിസ്തുമസും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദേശികളടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ആലപ്പുഴയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഹൗസ് ബോട്ടുകളും ഹോട്ടലുകളും മുൻകൂർ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. കുട്ടനാട്ടിലൂടെയുള്ള കായൽസവാരിയും അതിനുശേഷം കടൽത്തീരങ്ങളിലെ ആഘോഷങ്ങളുമാണ് വിനോദസഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും നല്ല ടൂറിസ്റ്റു കേന്ദ്രമാക്കിമാറ്റാൻ കഴിയുന്ന കുട്ടനാട്ടിൽ ഒരുവിമാനത്താവളം നിർമ്മിക്കണമെന്നും, ഈ ആവശ്യം കേരള സർക്കാർ കേന്ദ്രത്തിൽ കാര്യകാരണം സഹിതം അവതരിപ്പിക്കണമെന്നും,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളം,ആലപ്പുഴ മുതൽ ചങ്ങനാശ്ശരി വരെ മെട്രോ റെയിൽ, കുട്ടനാടൻ ജല മേഖലയിലൂടെ ആകമാനം വാട്ടർ മെട്രോ, ഫ്ളവർ, മത്സ്യ പാർക്ക്,മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇവയൊക്കെ ദീർഘ വീക്ഷണത്തോടെ പ്ലാൻ ചെയ്തു കുട്ടനാട്ടിൽ നടപ്പാക്കണമെന്നും പി.സി.തോമസ് പറഞ്ഞു.