ഇതാണ് യഥാർത്ഥ മലർ മിസ്; വെളിപ്പെടുത്തലുമായി 'പ്രേമം' സിനിമയുടെ സംവിധായകൻ

Monday 29 December 2025 11:45 AM IST

നിവിൻ പോളി നായകനായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമാണ് 'പ്രേമം'. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സായ് പല്ലവി അവതരിപ്പിച്ച മലർ മിസ്. വർഷങ്ങൾ പിന്നിട്ടിട്ടും ഈ കഥാപാത്രത്തിന് ഇപ്പോഴും ധാരാളം ആരാധകരുണ്ട്. സാരിയുടുത്ത് മേക്കപ്പില്ലാതെയുള്ള ആ മുഖവും ചിരിയും ഇന്നും പ്രേക്ഷകർ ഓർത്തിരിപ്പുണ്ട്. ലക്ഷക്കണക്കിന് ആരാധകരെയാണ് ഈ കഥാപാത്രം നേടിയെടുത്തത്.

ഇപ്പോഴിതാ ഈ കഥാപാത്രത്തിന് പ്രചോദനമായത് സ്വന്തം ഭാര്യ തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഒരു പുരസ്‌കാര വേദിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയിലെ കഥാപാത്രത്തെപ്പോലെ തന്നെ അൽഫോൺസിന്റെ ഭാര്യ അലീനയും നല്ലൊരു നർത്തകിയാണ്.

'പ്രണയവിവാഹം ആയിരുന്നു എന്റേത്. ചെന്നൈയിൽ പഠിച്ചിരുന്നപ്പോൾ അലീന, സ്റ്റെല്ല മേരീസിൽ പഠിക്കുകയായിരുന്നു. പ്രേമം സിനിമയ്‌ക്ക് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രത്തിന് പ്രചോദനമായത് അലീന ആയിരുന്നു. മുഴുവനായല്ല, അൽപ്പം മാത്രം. നേരം സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയത്. ആ സിനിമയ്‌ക്ക് ശേഷമാണ് സംസാരിക്കാൻ തുടങ്ങിയത്. അതിനുശേഷം വീട്ടിൽ പറഞ്ഞു. 2015 ഓഗസ്റ്റിൽ ആയിരുന്നു വിവാഹം ' - അൽഫോൺസ് പുത്രൻ പറഞ്ഞു. ഈഥൻ, ഐന എന്നിങ്ങനെ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.