അമിതഭാരം കയറ്റിവന്ന ചരക്കുലോറി ജീപ്പിനു മുകളിലേക്ക് മറിഞ്ഞു; സബ് ഡിവിഷണൽ ഓഫീസർ ചതഞ്ഞു മരിച്ചു

Monday 29 December 2025 12:25 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ ചരക്ക് ലോറി ജീപ്പിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിലുണ്ടായിരുന്ന സബ് ഡിവിഷണൽ ഓഫീസർ മരിച്ചു. വൈക്കോൽ കയറ്റി വന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. റാംപൂർ പഹാഡി ഗേറ്റിലെ നൈനിറ്റാൾ റോഡിലാണ് അപകടം ഉണ്ടായത്.

പിറകിൽ നിന്നും ലോറി വരുന്നത് ശ്രദ്ധിക്കാതെ ജീപ്പ് റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം ഉണ്ടായത്. ജീപ്പിൽ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ ശ്രമിച്ചെങ്കിലും ലോറിയുടെ മുൻ ടയർ ഡിവൈഡറിലിടിച്ച് മറുവശത്തേക്ക് ചരിയുകയായിരുന്നു. ലോറിയും ചരക്കും ഉൾപ്പടെ ജീപ്പിന് മുകളിലേക്ക് വീണു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ലോറിക്കടിയിൽപ്പെട്ട് ജീപ്പ് തകരുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു. ജെസിബി എത്തി ലോറി നീക്കി സബ് ഡിവിഷണൽ ഓഫീസറെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. അമിതമായി ചരക്ക് കയറ്റിയതിനാലാണ് ലോറി നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും അപകടത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.