'ആ ചിത്രത്തിൽ ഞാനും മഞ്ജുവും ചേർന്ന് അഭിനയിച്ചൊരു സീനുണ്ട്, അത് കാണുമ്പോൾ ഇപ്പോഴും വിഷമിക്കാറുണ്ട്'

Monday 29 December 2025 12:26 PM IST

1996ൽ സുന്ദർ ദാസ് സംവിധാനം ചെയ്ത് തീയേറ്ററുകളിൽ വൻവിജയമായി മാറിയ സിനിമയായിരുന്നു സല്ലാപം. ദിലീപും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം പ്രണയത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും കഥ പറയുന്നതാണ്. ആ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സല്ലാപത്തിൽ അഭിനയിച്ച സീനുകളോർത്ത് ഇപ്പോഴും വിഷമിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞു.

'സല്ലാപത്തിൽ അഭിനയിച്ചതോർത്ത് ഇപ്പോഴും വിഷമിക്കാറുണ്ട്. അതിൽ ഞാനും മഞ്ജു വാര്യരും ചേർന്ന് ചെയ്യുന്ന ഒരു സീനുണ്ട്. എന്റെ ഒ​റ്റമുറിയുള്ള വീട്ടിലേക്ക് മഞ്ജു ഇറങ്ങിവരുന്ന ഒരു സീനുണ്ട്. ആ മുറിയിൽ അച്ഛൻ വയ്യാതെ കിടക്കുന്നുണ്ട്. ഈ വീട്ടിൽ എവിടെയാണ് പായ വിരിച്ചുതരേണ്ടതെന്ന് ഞാൻ ചോദിക്കുന്ന ഒരു സീനാണത്. ആ സമയത്ത് ഞാൻ യഥാർത്ഥത്തിൽ കരഞ്ഞുപോയി. കാരണം ആ സീനിൽ അച്ഛനായി അഭിനയിക്കുന്നയാൾക്ക് എന്റെ അച്ഛന്റെ രൂപസാദൃശ്യമുണ്ടായിരുന്നു. ഞാൻ ചെറുപ്പത്തിൽ അതൊക്കെ അനുഭവിച്ചിട്ടുണ്ട്. ശരിക്കും കരഞ്ഞുപോയി. സദാനന്ദന്റെ സമയം എന്ന ചിത്രത്തിലെ ഒരു സീനിൽ അഭിനയിച്ചപ്പോഴും സമാന അനുഭവം ഉണ്ടായി. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നൊരു സീനുണ്ടായിരുന്നു. അങ്ങനെയുണ്ടാകുമ്പോൾ മാറിനിന്ന് കരയാറുണ്ട്'- ദിലീപ് പറഞ്ഞു.

മോഹൻലാലുമൊത്ത് സിനിമകൾ ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും ദിലീപ് അഭിമുഖത്തിൽ പങ്കുവച്ചു. ' ലാലേട്ടനെ എപ്പോഴും കടൽ, ആന, മഴ എന്നിങ്ങനെയാണ് നോക്കി കാണുന്നത്. നമ്മൾ മടുക്കാതെ നോക്കിയിരിക്കുന്നവയോട് ഉപമിക്കാനാണ് ഇഷ്ടം. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ചില ഗന്ധർവജന്മങ്ങളെന്നുപറയില്ലേ. അതുപോലെയാണ് മോഹൻലാൽ. അങ്ങനെയുള്ളവരോട് സിനിമ ചെയ്യുന്നത് ഞങ്ങളുടെ ദൈവാനുഗ്രഹമാണ്. അവർ ചേർത്തുപിടിക്കുന്നതാണ് ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യം'- ദിലീപ് പറഞ്ഞു.