മാവ് വേവുന്നതിന് കൃത്യമായ സമയമുണ്ട്; കൂടിപ്പോയാൽ ഇടിയപ്പം കട്ടിയുള്ളതായി മാറും
Monday 29 December 2025 12:32 PM IST
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ഇടിയപ്പം. എന്നാൽ എളുപ്പത്തിലുണ്ടാക്കാൻ സാധിക്കാത്തതിനാൽ മിക്കവരും വല്ലപ്പോഴും മാത്രമായിരിക്കും ഇത് തയ്യാറാക്കുന്നത്. മാത്രമല്ല, മാവ് ശരിയായി കുഴച്ചില്ലെങ്കിൽ ഇടിയപ്പം ഒട്ടിപ്പിടിക്കും, അകം വേവുകയുമില്ല. ഇതിന് മികച്ച പരിഹാരം വീട്ടിൽ തന്നെയുണ്ട്.
- ഇടിയപ്പത്തിനായുള്ള മാവ് കുഴയ്ക്കാൻ പച്ചവെള്ളമോ ചെറുചൂടുവെള്ളമോ ഉപയോഗിക്കാൻ പാടില്ല. പകരം നല്ല തിളച്ച വെള്ളമാണ് ഉപയോഗിക്കേണ്ടത്. വെള്ളം നന്നായി തിളച്ചുവരുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്‌പൂൺ വെളിച്ചെണ്ണയും ചേർക്കണം. ശേഷം തിളച്ച വെള്ളം അരിപ്പൊടിയിലേയ്ക്ക് ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് കുഴച്ചെടുക്കണം.
- മാവ് കുഴച്ചതിനുശേഷം അൽപം വെളിച്ചെണ്ണ പുരട്ടാം. ഇടിയപ്പച്ചെമ്പിലും വെളിച്ചെണ്ണ പുരട്ടിയതിനുശേഷം മാവ് നിറയ്ക്കാം. ഇത് ഇടിയപ്പം ഒട്ടിപ്പിടിക്കാതെയിരിക്കാൻ സഹായിക്കും. മാത്രമല്ല, ഇടിയപ്പത്തിന് നല്ല നിറവും മൃദുത്വവും നൽകും.
- മാവ് കുഴയ്ക്കുമ്പോൾ അൽപം അരച്ച ചോറോ വെള്ള അവലോ ചേർക്കുന്നത് ഇടിയപ്പത്തിന് കൂടുതൽ സ്വാദും മൃദുത്വവും നൽകും.
- പാത്രത്തിൽ വെള്ളം നന്നായി തിളച്ചതിനുശേഷം മാത്രം ചെമ്പിൽ മാവ് കറക്കിയൊഴിച്ച് വേകാനായി വയ്ക്കാം. എട്ടുമുതൽ പത്തുമിനിട്ടുവരെ മാത്രമേ ആവി കയറാൻ പാടുള്ളൂ. കൂടുതൽ സമയം വേവിച്ചാൽ ഇടിയപ്പം കട്ടിയുള്ളതായിപ്പോകും.
- അൽപം തേങ്ങ ചിരകിയത് കൂടി മാവിൽ ചേർക്കുകയാണെങ്കിൽ ഇടിയപ്പത്തിന് സ്വാദ് കൂടുതൽ.