ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് എത്തിച്ച ജനപ്രിയ പാനീയം; വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
വടക്കേ ഇന്ത്യയിൽ വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ പാനീയമാണ് ദൂത് സോഡ അഥവാ പാൽ സോഡ. കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാരാണ് ഈ പാനീയം ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത്. ഈ പാനീയം പല വിധത്തിൽ ഉണ്ടാക്കാറുണ്ട്. തിളപ്പിച്ച പാൽ ഐസ് വെള്ളം നിറച്ച ബക്കറ്റുകളിലേക്കിറക്കി വച്ച് തണുപ്പിച്ച ശേഷം അതിൽ സോഡ ചേർക്കാറുണ്ട്. ചിലർ പാൽ സോഡ രുചികരമാക്കുന്നതിനായി പ്രത്യേക ഫ്ലേവറുകൾ, മസാലകൾ,ഫ്രൂട്ട് സിറപ്പുകൾ, നാരങ്ങ, തേൻ എന്നിവയും ചേർക്കാറുണ്ട്. എന്നാൽ നമ്മുടെ വീടകളിൽ പാൽ സോഡ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ മറ്റൊരു വഴിയുണ്ട്.
ചേരുവകൾ:
- ഒരു കപ്പ് പാൽ
- രണ്ട് കപ്പ് സ്‌പ്രൈറ്റ് ( അല്ലെങ്കിൽ മറ്റേതെങ്കിലും കാർബണേറ്റ് പാനീയം)
- രണ്ട് ടേബിൾ സ്‌പൂൺ പഞ്ചസാര
- അരക്കപ്പ് ഐസ് ക്യൂബുകൾ
ഒന്നുമുതൽ നാല് വരെയുള്ള ചേരുവകൾ ചേർത്ത് ഒരുമിനിറ്റോളം മിക്‌സ് ചെയ്‌ത് കഴിഞ്ഞാൽ രുചികരമായ പാൽ സോഡ തയ്യാറായി കഴിഞ്ഞു. വളരെ പെട്ടെന്ന് ക്ഷീണം മാറി ഊർജസ്വലത കൈവരിക്കാൻ ഈ പാനീയം സഹായിക്കുന്നു. വരാൻ പോകുന്ന വേനൽകാലത്ത് ഈ പാനീയം വളരെ ഉപയോഗപ്രദമായിരിക്കും. എന്നാൽ ലാക്‌ടോസ് അലർജിയുള്ളവർ പാൽ സോഡ കഴിക്കുന്നത് നല്ലതല്ലെന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗം മേധാവി എഡ്വിന രാജ് പറയുന്നു.